photo
ആഴ്ച ചന്തയുടെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : അന്നദാതാക്കളായ കർഷകരെ സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. തേവലക്കര പടിഞ്ഞാറ്റക്കര കൈപ്പുഴ അഗ്രികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് മാർക്കറ്റിഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ആഴ്ചച്ചന്തയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകർ വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം സംരംഭകരാകാനുള്ള ശ്രമവും നടത്തണം. വ്യവസായാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന ശീതളപാനീയങ്ങളേക്കാൾ എന്ത് കൊണ്ടും നല്ലത് ആരോഗ്യം നിലനിറുത്തുന്ന കേര പോലുള്ള പാനീയങ്ങളാണ്. ഇപ്പോൾ ചെറുപ്പക്കാരും കൃഷിയിലേക്ക് കടന്നുവരുന്നത് ആശ്വാസകരമായ കാര്യമാണന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ തേവലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. എൻ. വിജയൻപിള്ള എം.എൽ.എ , കൈപ്പുഴ സഹകരണ സംഘം പ്രസിഡന്റ് കാഞ്ഞിരവിളയിൽ ഷാജഹാൻ , ജനപ്രതിനിധികളായ ബിന്ദ്യാ അജയൻ , പ്രീയങ്കാ സലിം, രാജേഷ് കുമാർ, കെ. തങ്കമണിപ്പിള്ള, ആശാ ശശിധരൻ, ഓഫീസർമാരായ ബിനീഷ , സ്മിത, സോണൽ സലിം ,വയലുവീട്ടിൽ റഷീദ് എന്നിവർ സംസാരിച്ചു.