കുന്നത്തൂർ:പ്രവാസി സംഘടനയുടെ ഇടപെടൽ ഫലം കണ്ടു. ഒരു മാസം മുമ്പ് സൗദി അറേബ്യയിലെ റിയാദിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് അർദ്ധരാത്രിയോടെ നാട്ടിലെത്തിക്കും.ശൂരനാട് തെക്ക് ഇഞ്ചക്കാട് കാട്ടൂർ പുത്തൻ വീട്ടിൽ രാധാകൃഷ്ണപിള്ളയാണ് (48) ഹൃദയാഘാതം മൂലം മരിച്ചത്.
ഇന്ന് രാത്രി 11.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം കോവൂർ കുഞ്ഞുമോൻ എംഎൽഎ,നോർക്ക റൂട്ട്സ് ഡയറക്ടർ ഹരികൃഷ്ണൻ, ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങും.നാളെ രാവിലെ പത്തിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മേയ് 24നാണ് ജോലി സ്ഥലത്തു വച്ച് മരിച്ചത്.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രവർത്തകർ റിയാദ് അൽഖർജ് ആശുപത്രിയിലും ഇന്ത്യൻ എംബസിയിലും ബന്ധപ്പട്ടു. ചെലവുകൾക്കായി വേണ്ടി വന്ന രണ്ടു ലക്ഷത്തോളം രൂപ എംബസി നൽകുകയും ചെയ്തു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടികൾ സ്വീകരിച്ചതും ഇവരാണ്.
കൂട്ടായ്മ പ്രവർത്തകരായ സലീം ഷാ, അൻസാർ സലീം, ഷാജി റാവുത്തർ, അർത്തിയിൽ അബ്ദുൽ സലീം, റാഫി കുഴുവേലിൽ,പുരക്കുന്നിൽ ഷഫീക്ക്,അനസ്,സലീം,റാഷിദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ്,വാർഡ് മെമ്പർ അനീഷാ സജീവ് എന്നിവരാണ് മുന്നിട്ടിറങ്ങിയത്.