മലിനജലം തളംകെട്ടി നിൽക്കുന്നു
കൊല്ലം: വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും രോഗികളാക്കാൻ ഹൈസ്‌കൂൾ ജംഗ്ഷനിൽ നഗരസഭ വക കൊതുക് വളർത്തൽ. ഗവ. ഗേൾസ് ഹൈസ്‌കൂളിന് മുന്നിൽ നടപ്പാലം നിർമ്മാണത്തിനായി തുറന്നിട്ട ഓടയിൽ മലിനജലം കെട്ടി നിന്ന് അസഹ്യമായ ദുർഗന്ധത്തോടൊപ്പം കൊതുകും ഈച്ചയും അടക്കമുള്ള പ്രാണികൾ പെറ്റുപെരുകുകയാണ്.
കളക്ടറേറ്റിന് മുന്നിൽ നിന്നുള്ള ഈ ഓടയിലേക്കാണ് സമീപത്തെ സ്ഥാപനങ്ങളെല്ലാം മാലിന്യം ഒഴുക്കിവിടുന്നത്. നടപ്പാലം നിർമ്മാണത്തിനായി ഈ ഭാഗത്ത് ഓട തുറന്നപ്പോൾ കക്കൂസ് മാലിന്യം തളംകെട്ടി നിൽക്കുകയായിരുന്നു. തേവള്ളിയിലൂടെ അഷ്ടമുടി കായലിൽ ഒഴുകിയെത്തുന്ന ഓടയിൽ പലയിടങ്ങളിലും തടസങ്ങളുള്ളതിനാൽ ഒഴുക്ക് വളരെ കുറവാണ്.
നഗരസഭാ അധികൃതരുടെ നിർദ്ദേശ പ്രകാരം ഒരു മാസം മുമ്പ് നടപ്പാലം പണിയുന്നവർ സ്‌കൂളിൽ നിന്ന് 25 മീറ്റർ അകലെ ഓട അടച്ചു. മഴ ശക്തമായതോടെ വീണ്ടും മലിനജലം കുത്തിയൊലിച്ചെത്തി സ്‌കൂളിന് മുന്നിൽ തളം കെട്ടുകയായിരുന്നു.
കൊട്ടിയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് ഗേൾസ് സ്‌കൂളിന് മുന്നിലാണ്. ദുർഗന്ധവും കൊതുക് ശല്യവും കാരണം യാത്രക്കാർക്ക് ഇവിടെ ബസ് കാത്തുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ പതിനായിരങ്ങൾ ചെലവിടുമ്പോഴും അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നതേയില്ല. ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരെ നടപടിക്ക് തയ്യാറാകുന്നുമില്ല.
'' പ്രശ്നം പരിശോധിച്ച് നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.''
ബി. ഷൈലജ (കൗൺസിലർ)