ചാത്തന്നൂർ: സഹകരണ സംഘം രൂപീകരിച്ച് കോടികൾ മുടക്കി സ്വകാര്യ ആശുപത്രി വാങ്ങാനുള്ള ചാത്തന്നൂർ എം.എൽ.എ ജി.എസ്. ജയലാലിന്റെ നീക്കത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും എം.എൽ.എ ഓഫീസ് ഉപരോധവും നടത്തി. ഉപരോധ സമരം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘം ഓഹരി ഉടമകളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
എം.എൽ.എയുടെ നേതൃത്വത്തിൽ രൂപീകരിച്ച സഹകരണ സംഘം കോടികൾ നൽകി സ്വകാര്യ ആശുപത്രി വാങ്ങുന്നതിന് കരാറെഴുതുകയും ആശുപത്രിയുടെ ഭരണം ഏറ്റെടുക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സി. പി. ഐ നേതൃത്വത്തിന്റെ അനുമതി വാങ്ങാതെയാണ് ഇടപാടിന് മുതിർന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ചാത്തന്നൂർ മുരളി, ബിജുപാരിപ്പള്ളി, കെ.പി.സി.സി നിർവാഹകസമിതി അംഗം എൻ. ജയചന്ദ്രൻ, എ. ഷുഹൈബ്, എൻ. ഉണ്ണികൃഷ്ണൻ, എസ്. ശ്രീലാൽ, സുഭാഷ് പുളിക്കൽ, സാജൻ, ജോൺ എബ്രഹാം, പ്രതീഷ് കുമാർ, കുളപ്പാടം ഫൈസൽ, അന്നമ്മ ചാക്കോ തുടങ്ങിയവർ നേതൃത്വം നൽകി. ചാത്തന്നൂർ എസ്.ബി.ഐ ശാഖയുടെ മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചാത്തന്നൂർ ഗവൺമെന്റ് സ്കൂളിന് മുന്നിൽ പൊലീസ് തടഞ്ഞു.