traffic
മേവറം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ മറച്ച് നിൽക്കുന്ന സൂചനാ ബോർഡ്

കൊല്ലം: ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്ന പ്രധാന ഘടകമാണ് റോഡുകളിലെ സൂചനാ ബോർഡുകൾ. എന്നാൽ ബൈപ്പാസും ദേശീയപാതയും ഒരുമിക്കുന്ന മേവറത്തെ ഒരു സൂചനാ ബോർഡ് ഗതാഗതക്കുരുക്കിനും വാഹന യാത്രക്കാർ തമ്മിലുള്ള കശപിശയ്ക്കും ഇടയാക്കുകയാണ്.

ബൈപ്പാസിൽ നിന്ന് വരുന്ന വാഹനങ്ങൾ കൊല്ലത്തേക്ക് തിരിയുന്നിടത്ത് സ്ഥാപിച്ചിട്ടുള്ള സൂചനാ ബോർഡാണ് വില്ലൻ. നാല് മീറ്ററോളം ഉയരമുള്ള ഈ ബോർഡിന് പിന്നിലാണ് ട്രാഫിക് സിഗ്നൽ. ബോർഡിന്റെ മറവ് കാരണം ആദ്യം നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് സിഗ്നൽ കാണാൻ കഴിയില്ല. സിഗ്നൽ തെളിഞ്ഞതറിയാതെ ആദ്യ വാഹനങ്ങൾ ഇവിടെ കാത്തുകിടക്കും. സിഗ്നൽ തെളിഞ്ഞത് ശ്രദ്ധയിൽപ്പെടുന്ന പിന്നിലുള്ള വാഹനങ്ങൾ തുടർച്ചയായി ഹോൺ മുഴക്കും. പിന്നീട് ഇറങ്ങിവന്ന് മുന്നിൽക്കിടക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുമായി കശപിശയാകും. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെടും.

സൂചനാ ബോർഡിന്റെ ഉയരമൊന്ന് കുറച്ചാൽ പരിഹരിക്കപ്പെടുന്ന പ്രശ്നം പൊലീസിന്റെയും ദേശീയപാതാ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ യാത്രക്കാർ പലതവണ കൊണ്ടുവന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.