പുനലൂർ: അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ ഓണത്തിന് ആവശ്യമായ പച്ചക്കറി ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ അതിർത്തിയിലെ എല്ലാ സ്കൂളുകളും കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിന് പുറമേ അംഗൻവാടി, കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിൽ പദ്ധതി ആരംഭിക്കും. 1300 പാക്കറ്റ് പച്ചക്കറി വിത്തുകൾ വിദ്യാർത്ഥികൾക്ക് നൽകിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ നിലവിളക്ക് കൊളുത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, കൗൺസിലർ നെൽസൺ സെബാസ്റ്റ്യൻ, അസി. കൃഷി ഓഫീസർ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.