പുനലൂർ: പുനലൂർ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ലോക ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസിന് ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പുനലൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും കോളേജുകളിലും ബോധവൽക്കരണ ക്ലാസുകളും സെമിനാറും സംഘടിപ്പിക്കും. മദ്യത്തിന്റെയും മയക്കു മരുന്നുകളുടെയും ദോഷഫലങ്ങൾ കുട്ടികളെ ബോദ്ധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചത്. സ്കൂൾ പ്രിൻസിപ്പൽ പ്രീയദശിനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വാരാചരണ പരിപാടി ജനമൈത്രി പി.ആർ.ഒ എം.എം. ഷെറീഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമാദ്ധ്യാപിക സെയ്ദ, വി. വിഷ്ണുദേവ്, ഐക്കരബാബു, എസ്. വത്സല തുടങ്ങിയവർ സംസാരിച്ചു. രാജു കുറ്റിക്കാട് ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.