കുളത്തൂപ്പുഴ : അന്തരിച്ച കോൺഗ്രസ് നേതാവ് എം.എ. ലത്തീഫിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അരിപ്പ പ്രാദേശിക ഭൂസമരസമിതിയുടെ നേതൃത്വത്തിൽ അരിപ്പ സമരഭൂമിയിൽ എം.എ. ലത്തീഫ് അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അരിപ്പ പ്രാദേശിക ഭൂസമരസമിതി ചെയർമാനുമായ അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. കിഴക്കൻ മലയോര മേഖലയുടെ തീരാനഷ്ടമാണ് എം.എ. ലത്തീഫിന്റെ വിയോഗമെന്ന് സഞ്ജയ്ഖാൻ പറഞ്ഞു. പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് എം.എ. ലത്തീഫിന്റെ വേർപാടിലൂടെ കിഴക്കൻ മേഖലയിലെ കോൺഗ്രസിന് നഷ്ടമായതെന്നും അദ്ദേഹം വ്യക്തമാക്കി. സമരസമിതി കൺവീനർ
ബദറുദ്ദീൻ ചോഴിയക്കോട് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി കുളത്തൂപ്പുഴ സലീം, കെ.പി.സി.സി അംഗം ഷീലാ സത്യൻ, ബി. സുനിൽ കുമാർ, മുഹമ്മദ് ഫൈസൽ, നിസാം, ലീലാമ്മ, സാബു ചോഴിയക്കോട് തുടങ്ങിയവർ പങ്കെടുത്തു.