അഞ്ചൽ: പ്ളസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഇടയം കരിപ്പോട്ടികോണം രാജേഷ് ഭവനിൽ രതീഷ് (26), ഇടയം പന്നിയറയിൽ തച്ചക്കോട്കോണം വീട്ടിൽ ശരത് (24) എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി രതീഷ് ഓട്ടോറിക്ഷാ ഡ്രൈവറാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടി കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പെൺകുട്ടിയുമായി ശരത് പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പീഡിപ്പിച്ചിട്ടില്ലെന്ന് ബോധ്യമായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയിച്ചതിനാണ് ശരത്തിനെതിരെ പോക്സോ കുറ്റം ചുമത്തി കേസ് എടുത്തത്.
അതേസമയം, പലവട്ടം വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായി രതീഷ് പൊലീസിനോട് സമ്മതിച്ചു. പെൺകുട്ടിയുടെ കൂട്ടുകാരിയാണ് രതീഷിനെ കുറിച്ച് പൊലീസിന് സൂചന നൽകിയത്. പോക്സോ കുറ്റവും ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തിയാണ് രതീഷിനെ അറസ്റ്റു ചെയ്തത്. അഞ്ചൽ സി.ഐ സി.എൽ.സുധീർ,എസ്. ഐ. ആർ.ശ്രീകുമാർ എന്നിവരുടെ
നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.