c
കൊല്ലം ശ്രീനാരായണ കോളേജ്

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിൽ രാത്രികാലത്ത് അതിക്രമിച്ചു കയറി മുറികളിൽ തമ്പടിക്കുകയും മദ്യപാനം അടക്കം അനാശാസ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധ സംഘത്തെ പിടികൂടാൻ പൊലീസ് നടപടി ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ചൊവ്വാഴ്ച രാത്രിയാണ് പൊലീസെത്തിയത്. പൊലീസ് എത്തുമെന്ന വിവരം സംഘാംഗങ്ങൾക്ക് ചോർന്ന് കിട്ടിയതായാണ് സൂചന. ചില പൊലീസുകാർ തന്നെയാണ് വിവരം ചോർത്തി നൽകിയതെന്നും സംശയിക്കുന്നുണ്ട്.

ഇനിമുതൽ എല്ലാ ദിവസവും രാത്രികാലത്ത് കോളേജിൽ പൊലീസ് നിരീക്ഷണം ഉണ്ടാകുമെന്ന് കൊല്ലം അസി. കമ്മിഷണർ പ്രദീപ്കുമാർ പറഞ്ഞു. കോളേജ് ഗേറ്റിന് പുറത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനും നി‌ദ്ദേശം നൽകിയതായി അസി. കമ്മിഷണർ പറഞ്ഞു. അതേസമയം കോടതിവിധി ലംഘിച്ച് കോളേജ് വളപ്പിൽ സ്ഥാപിച്ച എസ്.എഫ്.ഐയുടെ ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ മാറ്റാൻ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല. ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള കോളേജിനെ ശ്രീകുമാറിന്റെ കലാലയമാക്കി സ്ഥാപിച്ച ബാനറും മാറ്റാൻ എസ്.എഫ്.ഐ പ്രവർത്തകർ തയ്യാറായിട്ടില്ല. കോളേജ് മാനേജ്മെന്റിനെയും കോളേജ് അധികൃതരെയും വെല്ലുവിളിക്കുന്ന രീതിയിലാണ് എസ്.എഫ്.ഐ സംഘത്തിന്റെ പ്രവർത്തനങ്ങൾ. കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തുന്ന അതിക്രമങ്ങൾ സംബന്ധിച്ച് കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവനെയും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കോടതി വിധി ലംഘിക്കുന്നത് സിറ്റി പൊലീസ് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും രാഷ്ട്രീയ ഇടപെടൽ മൂലം നടപടി എടുക്കാൻ കമ്മിഷണർക്കും കഴിയാത്ത സ്ഥിതിയാണ്. പരാതി പറയാനെത്തിയ എസ്.എൻ.ഡി.പിയോഗം യൂണിയൻ ഭാരവാഹികളോട് പൊലീസ് തങ്ങളുടെ നിസ്സഹായത തുറന്നു സമ്മതിച്ചതായാണ് സൂചന. തങ്ങൾ ഇക്കാര്യത്തിൽ നിസ്സഹായരാണെന്നും മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായാലേ തങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളുവെന്നും അറിയിച്ചതായി യൂണിയൻ നേതൃത്വം പറഞ്ഞു.

എസ്.എൻ കോളേജിൽ ഇന്നലെ സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പൊലീസുകാരൻ എത്തി പ്രിൻസിപ്പലിനോട് സ്ഥിതിഗതികൾ ആരാഞ്ഞു.

കോളേജ് മാനേജരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പങ്കെടുക്കുന്ന ചടങ്ങ് ഞായറാഴ്ച കോളേജിൽ നടക്കാനിരിക്കുകയാണ്. എസ്.എൻ.ഡി.പിയോഗം കൊല്ലം യൂണിയന്റെ ആഭിമുഖ്യത്തിൽ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയുടെ ഭാഗമായി ആദ്യഭവനത്തിന്റെ സമർപ്പണവും രണ്ടാം ഘട്ടത്തിലെ 25 ഭവനങ്ങളുടെ ശിലാസ്ഥാപനവും നിർവഹിക്കാനാണ് വെള്ളാപ്പള്ളി നടേശൻ എത്തുന്നത്.