f
സി.പി.എം

കുന്നത്തൂർ: പോരുവഴി ഗ്രാമ പഞ്ചായത്തിലെ അഴിമതിയാരോപണങ്ങളെ തുടർന്ന് സി.പി.എം പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. ഏറെ നാളായി സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയിൽ നടന്നുവരുന്ന അഴിമതിയിൽ പ്രതിഷേധിച്ച് പത്തോളം ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജി വെയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ലോക്കൽ സെക്രട്ടറി മണലയിൽ കുഞ്ഞുമോന്റെ നേതൃത്വത്തിലാണ് ഇവർ പാർട്ടി വിടാൻ തീരുമാനിച്ചിരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയാ കമ്മിറ്റി അംഗവുമായ ബിനിഷിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇയാൾ പാർട്ടിയോട് ആലോചിക്കാതെ ഏകാധിപത്യപരമായ രീതിയിലാണ് സുപ്രധാന തീരുമാനങ്ങൾ പോലും കൈക്കൊള്ളുന്നതെന്നാണ് ആക്ഷേപം. മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി വൈസ് പ്രസിഡന്റ് തന്നിഷ്ടം പോലെ ഭരണം നടത്തി വരുകയാണെന്നും പരാതിയുണ്ട്. കുടുംബശ്രീ സി.ഡി.എസിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമുണ്ടായിട്ടും ഭരണം കോൺഗ്രസ് പിടിച്ചത് വൈസ് പ്രസിഡന്റിന്റെ ഏകാധിപത്യ രീതികൊണ്ടാണെന്നും അംഗങ്ങൾ ആരോപിച്ചു.

അഴിമതി നടന്നതായി ആക്ഷേപം

കഴിഞ്ഞ 23ന് ചേർന്ന ലോക്കൽ കമ്മിറ്റിയിൽ നിന്ന് ബിനിഷ് വിട്ടുനിന്നതിനെ അംഗങ്ങൾ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. 2017, 2018, 2019 കാലയളവിൽ പഞ്ചായത്തിൽ നടപ്പാക്കിയ പോത്ത് കുട്ടി വളർത്തൽ, കട്ടിൽ വിതരണം, പഞ്ചായത്ത് ഓഫീസ് നവീകരണം എന്നിവയിൽ വ്യാപക അഴിമതി നടന്നതായി പരാതി ഉയർന്നിരുന്നു. ഇത് പ്രാദേശികാടിസ്ഥാനത്തിൽ പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുകയും ചെയ്തു. പഞ്ചായത്തിൽ വ്യാപക അഴിമതി നടക്കുന്നതായി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും എൽ.സി അംഗവുമായ രാധ യോഗത്തിൽ കുറ്റപ്പെടുത്തി സംസാരിച്ചു. പോരുവഴിയിൽ കുടിവെള്ളക്ഷാമം വ്യാപകമായപ്പോൾ അത് പരിഹരിക്കാൻ ഭരണ സമിതിയോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ തുക കൊണ്ട് പഞ്ചായത്ത് ഓഫീസ് നവീകരിക്കുകയാണ് ചെയ്തത്. 2017-18 വർഷത്തിൽ ഫണ്ടുകളിൽ പലതും ചെലവാക്കാത്തതിനാൽ കോടിക്കണക്കിന് രൂപ ലാപ്സായെന്നും ആക്ഷേപമുണ്ട്.