ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ ഒഴുകുപാറ - അമ്മാരത്ത്മുക്ക് റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയിട്ട് വർഷങ്ങളായി.
ഇടക്കാലത്ത് റോഡിന്റെ അറ്റകുറ്റ പണികൾക്കായി വലിയ കുഴികളിൽ മെറ്റൽ കൊണ്ട് നിറച്ചിരുന്നു. ഇതിപ്പോൾ കൂടുതൽ ദുരിതത്തിന് കാരണമായിരിക്കുകയാണ്. ഒരു പ്രൈവറ്റ് ബസ് സർവീസ് മാത്രമുള്ള ഈ റോഡിൽ കൂടി നാട്ടുകാർ കാൽനട യാത്ര ചെയ്താണ് സമീപ പ്രദേശമായ പൂതക്കുളം, നെടുങ്ങോലം എന്നിവിടങ്ങളിലെത്തി ബസ് കയറി പോകുന്നത്. ഇരുചക്രവാഹനം പോലും മഴക്കാലമായതോടെ ഇത് വഴി പോകാൻ പറ്റാത്ത അവസ്ഥയിലാണ്. നെടുംങ്ങോലം, ഒഴുകുപാറ, പോളച്ചിറ പ്രദേശങ്ങളിൽ നിന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന ഏക വഴിയാണിത്.
അടിയന്തരമായി റോഡിന്റെ അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.