പത്തനാപുരം: ദിവസേനെ നിരവധി പേർ ചികിത്സ തേടിയെത്തുന്ന പത്തനാപുരം താലൂക്ക് ഇ.എസ്.ഐ ആശുപത്രിയുടെ പരിസരം കാടുകയറി നശിക്കുന്നു. കോടികൾ ചെലവഴിച്ച് കുന്നിക്കോട് നിർമ്മിച്ച ആശുപത്രിയുടെ പരിസരമാകെ കാടും പാഴ്‌ച്ചെടികളും വളർന്ന് നശിക്കുകയാണ്. തോട്ടം തൊഴിലാളികളും കശുഅണ്ടി തൊഴിലാളികളും അടക്കം നിരവധി പേരാണ് ദിനംപ്രതി ചികിത്സ തേടി ആശുപത്രിയിൽ എത്തുന്നത്. വാഹനപാർക്കിംഗിനായി ഒരുക്കിയിരുന്ന ഭാഗം പൂർണമായും കാടുമൂടിയ അവസ്ഥയിലാണ്. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണെന്നും പരാതിയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ആശുപത്രി പരിസരം ശുചീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ആശുപത്രിയിലെത്തുന്ന രോഗികൾ പറയുന്നു.
പ്രവർത്തനം ആരംഭിച്ചത് 2 വർഷം മുമ്പ്
2 വർഷം മുമ്പാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ആശുപത്രിക്ക് ചുറ്റും ഒരേക്കറിലധികം ഭൂമിയാണ് ഉള്ളത്. മോടി പിടിപ്പിക്കലിന്റെ ഭാഗമായി ആശുപത്രിക്ക് മുന്നിൽ തറയോട് പാകിയിട്ടുണ്ട്. ഇതിന്റെ നടുമുറ്റത്ത് അടക്കം പാഴ്‌ച്ചെടികൾ വളർന്ന് കയറുന്നുണ്ട്. രോഗികൾക്ക് എറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് പാഴ്‌ച്ചെടികൾ വളർന്ന് നിൽക്കുന്നത്.
അധുനിക സൗകര്യങ്ങൾ
പുനലൂർ, പത്തനാപുരം മേഖലകളിലെ അധുനിക സൗകര്യങ്ങളോട് കൂടിയ ഇ.എസ്.ഐ ആശുപത്രിയാണ് കുന്നിക്കോട് പ്രവർത്തിക്കുന്നത്. രണ്ട് പരിശോധനമുറികൾ, ഫാർമസി, റിസപ്ഷൻ, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒബ്‌സർവേഷൻ, ഇൻഞ്ചക്ഷൻ മുറികൾ, റെക്കോഡ്‌സ് സെക്ഷൻ, ഓഫീസ് മുറി എന്നിവയാണ് ഇവിടെ ഉള്ളത്.