ഡൗൺ സിൻഡ്രോമുള്ള നാലുവയസുകാരിയായ മകൾ മണ്ണിൽ കളിക്കുമ്പോൾ ആദ്യമൊന്നും ഡോ. ജയശ്രീ അറിഞ്ഞില്ല അവൾ മണലിൽ ചിത്രം വരയ്‌ക്കുകയാണെന്ന്. ഒരിക്കൽ മണലിൽ നിന്ന് അവളെ വാരിയെടുക്കുമ്പോഴാണ് അവൾ കളിക്കുകയല്ല മറിച്ച് ചിത്രം വരയ്‌ക്കുകയാണെന്ന് ആ അമ്മ ശ്രദ്ധിച്ചത്. ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിന് സാധാരണ സ്‌കൂളിൽ പ്രവേശനം ലഭിക്കുക
പ്രയാസമായിരുന്നു അന്ന് എന്നാൽ സ്‌പെഷ്യൽ സ്കൂളുകളിൽ അയച്ച് പഠിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതുമില്ല. ഒടുവിൽ തഴവ സെന്റ് ഗ്രിഗോറിയോസ് സെൻട്രൽ സ്‌കൂളിൽ പഠിക്കാൻ അവസരം ലഭിച്ചു. പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കി. പ്ലസ് ടുവിന് ക്ലാസുകളിൽ പോയെങ്കിലും പരീക്ഷ എഴുതിയില്ല. ഇതോടെ ഫൈൻ ആർട്‌സ് കോളേജ് വിദ്യാഭ്യാസം എന്ന സ്വപ്നം നേടാൻ കഴിയാതെ പോയി. എങ്കിലും വരയുടെ ലോകത്തെ പ്രിയങ്കയ്‌ക്ക് അന്യമാക്കാൻ ആർക്കുമായില്ല.
വിജയലക്ഷ്മി ടീച്ചർ എത്തിയതോടെ നിറങ്ങളുടെയും ചിത്രങ്ങളുടെയും ചിറകിലായി പ്രിയങ്കയുടെ ജീവിതം . ടീച്ചറുടെ വീട്ടിൽ രാവിലെ 11 മണി മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ ക്ലാസ്. 75 ഓളം പെയിന്റിംഗുകൾ പ്രിയങ്ക വരച്ചു കഴിഞ്ഞു. അതിൽ ഏറ്റവും പ്രിയപ്പെട്ടത് രാസലീലയാണ്. കൊല്ലത്ത് പലയിടങ്ങളിലായി പ്രിയങ്കയുടെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ചെന്നെെയിൽ നടന്ന ഒരു ചിത്ര പ്രദർശനം അവൾക്ക് കൂടുതൽ പ്രോത്സാഹനം നൽകിയതായി ഡോ. ജയശ്രീ പറയുന്നു. അച്‌ഛൻ ഡോ. രാജീവ് സുകുമാരനും മകളുടെ കഴിവിന് പിന്തുണയുമായി പിന്നിലുണ്ട്. കരുനാഗപ്പള്ളി വവ്വാക്കാവ് 'മാളു'വിൽ പ്രിയങ്ക തിരക്കിലാണ് എപ്പോഴും.
ചിത്രം വരയ്‌ക്കാതിരിക്കാൻ കഴിയില്ല. അതു കഴിഞ്ഞാൽ പിന്നെ താൽപര്യം കീബോർഡിനോടാണ്. നന്നായി വായിക്കും. അതിനായി പ്രത്യേകം പരിശീലനവും നൽകുന്നുണ്ട്. ഇപ്പോൾ 23 വയസായ പ്രിയങ്കയ്‌ക്ക് ചിത്രങ്ങളുടെ ലോകത്ത് കൂടുതൽ അറിവുകൾ നേടി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. പ്രദർശനങ്ങളിലെത്തിയ പലരും ചിത്രങ്ങൾ ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും തന്റെ ചിത്രങ്ങൾ വിൽക്കുന്നതിനെക്കുറിച്ച് അവളിതുവരെയും ചിന്തിച്ചിട്ടില്ല.