robber

കൊല്ലം: മഴ കുറവാണെങ്കിലും മഴക്കാല മോഷണം ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ളവർ ഇക്കുറിയും കൊല്ലത്ത് എത്തിയതായി സൂചന.

മഴയുടെ ശബ്ദത്തിൽ വാതിലും ജനലുകളും പൊളിക്കുന്ന ശബ്ദം വീട്ടുകാരോ അയൽക്കാരോ അറിയില്ലെന്നതാണ് ഈ സീസണിൽ അവർ എത്താൻ കാരണം. തെരുവ് വിളക്കുകളുടെ വെളിച്ചവും വ്യാപിക്കില്ല. രാത്രി കറണ്ട് പോകാനും സാദ്ധ്യതയുണ്ട്. മഴ കുറവാണെങ്കിലും തിരുട്ട് ഗ്രാമത്തിൽ നിന്നെത്തിയവർ വെറും കൈയോടെ മടങ്ങില്ല. വലിയ ശബ്ദമില്ലാതെ പൂട്ടുകൾ പൊളിക്കാനുള്ള യന്ത്രങ്ങൾ മോഷ്ടാക്കളുടെ കൈവശമുണ്ട്. പകൽ നേരങ്ങളിൽ കറങ്ങിനടന്ന് സ്ഥലം കണ്ടുവച്ച ശേഷമാകും രാത്രിയെത്തുക. മുൻകാലങ്ങളിൽ ചെയ്തതുപോലെ, ശബ്ദംകേട്ട് ഉണരുന്നവരെ ആക്രമിച്ച് രക്ഷപെടാൻ ആയുധങ്ങളും കരുതിയിരിക്കും.

തടവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധരായ പല മോഷ്ടാക്കളും അടുത്തിടെ ജയിൽ മോചിതരായിട്ടുണ്ട്. ചിലർ ഉടൻ പുറത്തിറങ്ങാനും സാദ്ധ്യതയുണ്ട്. ഇവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും കണ്ണ് വെട്ടിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

റെയിൽവേ സ്റ്റേഷൻ അടുത്തുള്ളതിനാൽ

അന്തർസംസ്ഥാന മോഷ്ടാക്കളുടെ ഇഷ്ടകേന്ദ്രമാണ് കൊല്ലം. രാത്രി ട്രെയിനിലെത്തി കവർച്ച നടത്തി നേരം പുലരുംമുമ്പേ ട്രെയിനിൽ സ്ഥലംവിടാം.

ജാഗ്രത

 രണ്ടു ദിവസം മുമ്പ് കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസിന്റെ വാതിലുകൾ തകർത്ത് മോഷ്ടാക്കൾ കയറി

 അഞ്ചാലുംമൂട് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ രണ്ടാഴ്ച മുമ്പ് അർദ്ധരാത്രിയിൽ വാതിലിൽ തുടർച്ചയായി മുട്ടു കേട്ടു.

 നഗരത്തിലെ പ്രമുഖ വ്യവസായിയുടെ വീട്ടിലെ വളർത്തുനായയെ കഴിഞ്ഞ ദിവസം വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തി

മുൻകരുതൽ

 അടച്ചിട്ടിരിക്കുന്ന വീടുകളുടെ ഗേറ്റുകൾ സ്ഥിരം പൂട്ടാതിരിക്കുക.

ഇത്തരം വീടുകളിൽ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കരുത്

 കൊടുവാൾ, കുന്താലി തുടങ്ങിയ ആയുധങ്ങൾ വീടിന് പുറത്ത് വയ്ക്കരുത്.

 വീടിനു പുറത്തെ ലൈറ്റ് രാത്രിയിൽ സ്ഥിരമായി ഇടുക

 പകൽ സാധനങ്ങൾ വിൽക്കാനെത്തുന്നവരെ ശ്രദ്ധിക്കുക

 വാതിലുകൾക്ക് സമീപം തുറന്നാൽ ശബ്ദം കേൾക്കുന്നതെന്തങ്കിലും വയ്ക്കുക

 പൊലീസ് സ്റ്റേഷനിലെയോ കൺട്രോൾ റൂമിലേയോ നമ്പർ ഓർമ്മയിൽ സൂക്ഷിക്കുക.