mathew
മാത്യുവും ഭാര്യയും വീടിന് മുന്നിൽ

കൊല്ലം: പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചെലവഴിച്ചാണ് കൂലിപ്പണിക്കാരനായ വടക്കേ മൈലക്കാട് പള്ളി വടക്കതിൽ മാത്യു അഞ്ച് സെന്റ് സ്ഥലം വാങ്ങിയത്. വർഷങ്ങളായുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചെന്ന സന്തോഷത്തിലിരിക്കുമ്പോഴാണ് വസ്‌തു സ്വന്തം പേരിലാക്കാൻ കഴിയില്ലെന്ന വിവരം ഇരുട്ടടി പോലെ മാത്യു അറിയുന്നത്.

പ്രദേശത്ത് തന്നെയുള്ള ജോർജ് എന്നയാളിന്റെ വസ്‌തുവാണ് മാത്യു വാങ്ങിയത്. ജോർജ് കരം അടയ്‌ക്കുന്നത് മുടങ്ങിയതോടെ പറ്റുചീട്ട് ഇല്ലാതായതാണ് തിരിച്ചടിയായത്. ഇതോടെ ആശിച്ച് വാങ്ങിയ വസ്‌തുവിൽ ഒരു വീടുവയ്ക്കണമെന്ന മാത്യുവിന്റെ സ്വപ്നം നീണ്ടുപോകുകയാണ്.

പട്ടയം ഇല്ലാത്തതിനാൽ വസ്തുവിൽ വീടുവയ്‌ക്കാൻ കഴിയില്ല. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഇതിന് പിറകേ നടക്കുകയാണ്. വില്ലേജ് ഓഫീസർമാർ മാറിമാറി വരുന്നതോടെ കാര്യങ്ങൾ മുന്നോട്ട് പോകാതെയാകുകയാണെന്ന് മാത്യു പറയുന്നു.

പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്കും ഭാര്യയ്‌ക്കും ഒപ്പം പ്ലാസ്‌റ്റിക് ഷീറ്റ് കൊണ്ട് മറച്ച കൂരയ്‌ക്കുള്ളിൽ യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണ് മാത്യു ഇപ്പോൾ താമസിക്കുന്നത്. മൂത്തമകൻ വിവാഹിതനായി മാറി താമസിക്കുകയാണ്. മാത്യു കൂലിപ്പണി ചെയ്ത് കിട്ടുന്നതും മക്കളുടെ ചെറിയ വരുമാനവുമാണ് കുടുംബത്തെ പിടിച്ചുനിറുത്തുന്നത്.

ഇപ്പോൾ താമസിക്കുന്ന കൂരയ്‌ക്കുള്ളിലൂടെ രണ്ട് തെങ്ങുകളും വളർന്നുനിൽപ്പുണ്ട്. മഴക്കാലം എത്തുമ്പോഴാണ് കൂടുതൽ ബുദ്ധിമുട്ട്. കാറ്റിലും മഴയിലും കൂപ്പുകുത്താവുന്ന നിലയിലുള്ള ഈ കൂരയിലാണ് മാത്യുവും കുടുംബവും പ്രതീക്ഷകളറ്റ് ജീവിതം തള്ളിനീക്കുന്നത്.