ശ്രദ്ധയിൽപ്പെട്ടത് ആരോഗ്യ വകുപ്പ് പരിശോധനയിൽ
കൊല്ലം: ട്രോളിംഗ് നിരോധനത്തെ തുടർന്ന് തീരത്ത് നങ്കൂരമിട്ട ബോട്ടുകളിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെയും മലേറിയ പരത്തുന്ന അനോഫലിസ് കൊതുകുകളുടെയും വൻതോതിലുള്ള സാന്നിധ്യം ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ബോട്ടിൽ വെള്ളം ശേഖരിക്കുന്ന വലിയ ടാങ്കുകളിലും വശങ്ങളിൽ കെട്ടിയിട്ടിരിക്കുന്ന ടയറുകളിലുമുണ്ടായിരുന്ന ലാർവകൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു.
ആരോഗ്യ കേരളം - ഹെൽത്തി കേരളയുടെ ഭാഗമായി മഴക്കാല രോഗങ്ങൾക്കെതിരെ ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ യൂണിറ്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
നിറുത്തിയിട്ടിരുന്ന ബോട്ടുകൾക്ക് പുറമെ നിർമ്മാണ മേഖലകൾ, റബ്ബർ തോട്ടങ്ങൾ, അയൽ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ആരോഗ്യ വകുപ്പിന്റെ പരിശോധന.
കാവനാട്, അരവിളക്കടവ്, തോപ്പിൽക്കടവ്, മണലിൽ, കാങ്കത്ത് ഭാഗത്തെ 644 ബോട്ടുകളിൽ പരിശോധനയ്ക്ക് പുറമെ ബോധവത്കരണവും നടത്തി. ബോട്ടുകളിലെ വെള്ളം കെട്ടിനിന്ന ടയറുകളിൽ കൂത്താടി നശീകരണ തരികളും ലായനിയും ഒഴിച്ചു. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ദ്വാരമുള്ള ടയറുകൾ ഉപയോഗിക്കാൻ നിർദേശം നൽകി.
അയൽ സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന
കൊല്ലം നഗരത്തിലെയും കിഴക്കൻ മേഖലകളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലും പരിശോധന നടത്തി. സർക്കാർ - സ്വകാര്യ ഓഫീസുകളിൽ നടത്തിയ പരിശോധനകളിലും കൂത്താടികളുടെ ഉറവിടങ്ങൾ കണ്ടെത്തി.
അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് ഗ്ലാസ്, ഷീറ്റ്, തെർമോക്കോൾ, ഉടഞ്ഞ സാനിറ്ററി ഉപകരണങ്ങൾ, കുപ്പികൾ, ടയറുകൾ, ആക്രി സാധനങ്ങൾ, റബ്ബർ പാൽ ശേഖരണ ചിരട്ടകൾ എന്നിവയിലാണ് കൂടുതൽ കൂത്താടികൾ ഉണ്ടായിരുന്നത്.
ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആർ. സന്ധ്യ, ജെ.എ.എം.ഒ. ഡോ. ടിമ്മി, ജില്ലാ മലേറിയ ഓഫീസർ ടി. സുരേഷ് കുമാർ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് സജുതേർഡ്, ഫൈലേറിയ ഇൻസ്പെക്ടർമാരായ പി.ആർ. ബാലഗോപാൽ, കെ. ബാബുരാജ്, എ. രാധാകൃഷ്ണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏഴുപതിലേറെ ജീവനക്കാർ പരിശോധനയിൽ പങ്കെടുത്തു.
തുടർന്നുള്ള ദിവസങ്ങളിലും പരിശോധന തുടരും.