photo
സാമൂഹ്യ വിരുദ്ധരുടെ ഓളിത്താവളമായി മാറുന്ന കായൽ തീരം.

കരുനാഗപ്പള്ളി: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന തുറയിൽക്കടവ് കായൽത്തീരവും പരിസര പ്രദേശങ്ങളും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി പ്രദേശവാസികളുടെ ആക്ഷേപം. കടത്തുകടവിന് സമീപത്തുള്ള മൂന്ന് കടകൾ രാത്രി 7 മണി കഴിയുന്നതോടെ അടക്കും. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെ മാത്രമാണ് സർക്കാരിന്റെ കടത്ത് വള്ളത്തിന്റെ സേവനം ലഭ്യമാകുന്നത്. ഇതിന് ശേഷം സ്വകാര്യ കടത്തുവള്ളത്തെയാണ് പ്രദേശവാസികൾ പ്രധാനമായും ആശ്രയിക്കുന്നത്. രാത്രിയോടെ കടത്ത് കടവ് വിജനമാകാറാണ് പതിവ്. ഈ സമയം തൊട്ടാണ് സാമൂഹ്യ വിരുദ്ധർ തുറയിൽക്കടവ് കായൽത്തീരത്തും പരിസര പ്രദേശങ്ങളിലും സജീവമാകുന്നത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന വരുന്ന അറവ് മാലിന്യങ്ങൾ കായലിൽ തള്ളുന്നതും പതിവാണ്.

യാത്രക്കാരുടെ ബുദ്ധിമുട്ട്

വൈകുന്നേരം കടത്തിന് ഇക്കരെയുള്ളവർ സ്വകാര്യ കടത്ത് കടന്നാണ് കുഴിത്തുറയിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ പോകുന്നത്. കടവ് കേന്ദ്രീകരിച്ച് താവളമടിക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യവും മദ്യപാനവും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. രാത്രിയിൽ ഉടനീളം മത്സ്യത്തൊഴിലാളികൾ കടത്തു കടന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്. പലപ്പോഴും സാമൂഹ്യ വിരുദ്ധർ ശല്യമാവാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

എ.സി.പിക്ക് പരാതി നൽകി

പൊലീസ് നൈറ്റ് പട്രോളിംഗിനിറങ്ങുമ്പോൾ സാമൂഹ്യ വിരുദ്ധർ ഉൾപ്രദേശങ്ങളിലേക്ക് വലിയും. പൊലീസ് പോയിക്കഴിഞ്ഞാൽ ഇവർ വീണ്ടും കടവിൽ ഒത്തുകൂടും. രാത്രിയിലെ സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ നാട്ടുകാർ കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നൽകി. രാത്രിയിൽ കടത്തു കടവിൽ പൊലീസ് നൈറ്റ് പട്രോളിംഗ് കൂടതൽ ശക്തമാക്കണമെന്ന് നാട്ടുകാരുടെ പരാതിയിൽ ആവശ്യപ്പെടുന്നു.