iti
ചാത്തന്നൂർ ഗവ.ഐ.ടി.ഐ

ചാത്തന്നൂർ: ചാത്തന്നൂർ ഗവ. ഐ.ടി.ഐയുടെ വികസന സ്വപ്നത്തിന് സ്ഥലപരിമിതി തടസമാകുന്നു. ഐ.ടി.ഐയ്ക്ക് സമീപം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കൈവശമുള്ള ഒരേക്കർ ഏഴ് സെന്റ് ഭൂമി കൂടി തൊഴിൽ വകുപ്പിന് ലഭിച്ചാൽ ചാത്തന്നൂർ ഗവ. ഐ.ടി.ഐയുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കും. ഭൂമി ലഭിക്കുന്നതോടെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനായി ക്ളാസ് റൂമുകളും വർക്ക്ഷോപ്പുകളും പണികഴിപ്പിക്കാനും സാധിക്കും.

ഐ.ടി.ഐ വികസനത്തിനായി ഭൂമി വിട്ടുകിട്ടുന്നതിനായി 2017ൽ തൊഴിൽ വകുപ്പ് വിശദമായ പ്രൊപ്പോസൽ തയ്യാറാക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന് സമർപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അംഗീകരിച്ചതിനെ തുടർന്ന് കളക്ടറുടെ ശുപാർശയോടെ ഇത് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ രണ്ട് വർഷത്തോളമായിട്ടും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.

സംസ്ഥാനത്തെ മികച്ച ഐ.ടി.ഐകളിൽ അഞ്ചാമത്തേതാണ് ചാത്തന്നൂർ ഐ.ടി.ഐ. ഈ അംഗീകാരം ലഭിച്ചതോടെ രണ്ടു കോടി രൂപയുടെ ഗ്രാന്റിനും അർഹത ലഭിച്ചു. അന്തർദേശീയ നിലവാരമുള്ള മൂന്ന് വർക്ക്ഷോപ്പുകളും ഇവിടെയുണ്ട്.

തുടർനടപടികൾ വേഗത്തിലാക്കി ചാത്തന്നൂർ ഗവ. ഐ.ടി.ഐയെ മേജർ ഐ.ടി.ഐ തലത്തിലേക്ക് ഉയർത്തണമെന്നാണ് അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ആവശ്യം.

 പുതിയ കോഴ്സുകൾ ആരംഭിക്കണം

നിലവിൽ ചാത്തന്നൂർ ഗവ. ഐ.ടി.ഐയിൽ ഇലക്ട്രിക്കൽ, ഫിറ്റർ, സർവേയർ, വെൽഡർ, മോട്ടോർ മെക്കാനിക്ക്, ഡ്രെസ് മേക്കിംഗ്, പെയിന്റർ, ട്രാഫറ്റ്‌സ്‌മെൻ സിവിൽ എന്നീ ട്രേഡുകളാണുള്ളത്. ഇതിന് പുറമേ ഡ്രാഫ്റ്റ്സ്മെൻ സിവിൽ, പെയിന്റിംഗ്, ഡ്രസ്‌ മേക്കിംഗ് ട്രേഡുകൾക്ക് ഓരോ യൂണിറ്റുകൾ കൂടി അനുവദിക്കുകയും എം.ആർ.എ.സി, ഡീസൽ മെക്കാനിക്ക്, പ്ലംബർ, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്നീ കോഴ്സുകൾ കൂടി അനുവദിക്കണമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നു.

 ചാത്തന്നൂർ ഗവ. ഐ.ടി.ഐ

ദേശീയപാതയോട് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന ചാത്തന്നൂർ ഐ.ടി.ഐ സി.വി. പദ്മരാജൻ മന്ത്രിയായിരുന്ന കാലത്താണ് പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് എൻ. അനിരുദ്ധൻ എം.എൽ.എ ആയിരുന്ന സമയത്താണ് വ്യവസായ വകുപ്പിൽ നിന്ന് രണ്ട് ഏക്കറോളം ഭൂമി അനുവദിച്ചത്. 2012ൽ ജി.എസ്. ജയലാൽ എം.എൽ.എയുടെയും അന്നത്തെ തൊഴിൽ മന്ത്രിയായിരുന്ന പി.കെ. ഗുരുദാസന്റെയും ശ്രമഫലമായി എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോളുംകൂടി ബഹുനില മന്ദിരം നിർമ്മിച്ചു.