road
പൊലിക്കോട് മെതുകുമ്മേൽ റോഡ് നിർമ്മാണത്തിൽ അഴിമതിയെന്ന് വ്യാപക പരാതി

കൊല്ലം : അഞ്ചൽ എം.സി റോഡിൽ പൊലിക്കോട് നിന്ന് ആരംഭിച്ച് പട്ടാഴി മെതുകുമ്മേൽ അവസാനിക്കുന്ന റോഡ് നിർമ്മാണത്തിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് ആക്ഷേപം. ഓടകളും കലുങ്കുകളും ആവശ്യത്തിന് നിർമ്മിക്കാതെ 45 കോടി മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണത്തിൽ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അഴിമതിയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പുറമ്പോക്ക് വസ്തുവും കൈയേറ്റ ഭൂമികളും റോഡിനായി ഏറ്റെടുക്കാതെ നിർമ്മാണ വൈകല്യം ചൂണ്ടിക്കാണിച്ചവർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുന്നതായും പരാതിയുണ്ട്. റോഡിലിറക്കി നിർമ്മിച്ചിരിക്കുന്ന മതിലുകൾ അതേപടി നിലനിറുത്തുകയും ആക്ഷേപം ഉന്നയിച്ചവരുടെ മതിലുകൾ പൊളിക്കുകയും ചെയ്തിട്ടുണ്ട് . അറയ്ക്കൽ ക്ഷേത്രത്തിനു മുന്നിലെ തകർന്ന കലുങ്ക് പൊളിക്കാതെ അതിന് മുകളിലൂടെ ടാർ ചെയ്തതും ക്ഷേത്രത്തിനു മുന്നിലെ പുറമ്പോക്ക് സ്വകാര്യ വ്യക്തിക്ക് വേണ്ടി വിട്ടു നൽകിയതും നിയമലംഘനമാണെന്ന് നാട്ടുകാർ പറയുന്നു.
ഓടകൾ അങ്ങിങ്ങായി മുറിഞ്ഞ നിലയിലാണ്. ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനിട്ട് അടഞ്ഞ കലുങ്കുകൾ ഇതുവരെ പൂർവ സ്ഥിതിയിലാക്കിയിട്ടില്ല. അപാകതകൾ ചോദ്യം ചെയ്തവരെ അസിസ്റ്റന്റ് എക്‌സി. എൻജിനിയർ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.