കരുനാഗപ്പള്ളി: സ്വന്തമായി കെട്ടിടമില്ലാതെ തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ പ്രവർത്തനം അവതാളത്തിൽ. രണ്ട് വർഷമായി സ്വകാര്യ സ്കൂളിന്റെ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കുറവായതും ജീവനക്കാരില്ലാത്തതുമാണ് കോളേജിനെ പിന്നോട്ടടിക്കുന്നത്. എന്നാൽ ആരംഭിച്ചിട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും സ്വന്തമായി കെട്ടിടമെന്ന ആവശ്യം ഇനിയും പരിഹരിക്കപ്പെട്ടില്ല.
2016ൽ പാവുമ്പ ഹൈസ്കൂളിലാണ് കോളേജ് ആരംഭിച്ചത്. ഒരു വർഷത്തിന് ശേഷം നിലവിലുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകായിരുന്നു. ബി.എ ഇംഗ്ളീഷ്, മലയാളം, സോഷ്യോളജി, ബി.കോം ഫിനാൻസ് എന്നീ കോഴ്സുകളിലായി 350 തോളം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇവർക്കാകെ ഉള്ളത് 14 ക്ലാസ് മുറികൾ മാത്രവും. ഇനി മൂന്ന് മുറികൾകൂടി ഉണ്ടെങ്കിൽ മാത്രമേ ക്ളാസുകൾ പൂർണമാകൂ. നിലവിൽ കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ പോലും പരിമിതമാണ്. കുടിവെള്ളം പി.ടി.എ ഫണ്ട് ഉപയോഗിച്ച് എല്ലാ ദിവസവും പുറത്തു നിന്ന് വാങ്ങണം. കെട്ടിടത്തിന്റെ വാടകയും പി.ടി.എ തന്നെ നൽകണം. പ്രിൻസിപ്പലടക്കം 22 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് ക്ളാർക്കുമാർ വർക്കിംഗ് അറേഞ്ച്മെന്റിലാണ് ഇവിടെ എത്തിയിരിക്കുന്നത്. പുതിയ ഓഫീസ് ജീവനക്കാരുടെ തസ്തികയും ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല.
പുതിയ കെട്ടിടം നിർമ്മിക്കുകയാണ് ഇതെല്ലാം പരിഹരിക്കുന്നതിനുള്ള പോംവഴി. എന്നാൽ കെട്ടിട നിർമ്മാണത്തിനായി ഭൂമി കണ്ടെത്തുക എന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രൊപ്പോസലുകളാണ് അധികൃതരുടെ മുന്നിലുള്ളത്. തണ്ണിക്കര ജംഗ്ഷൻ, പാവുമ്പ, മുല്ലശേരിമുക്ക് എന്നിവിടങ്ങളിലെ സ്ഥലങ്ങളാണിവ. എന്നാൽ ഇതിനുള്ള ഫണ്ട് കണ്ടെത്തുക എന്നുള്ളതാണ് മറ്റൊരു പ്രശ്നം. 2016ൽ സി.ദിവാകരൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 5 കോടി രൂപയും കിഫ്ബിൽ നിന്ന് അനുവദിച്ച 10 കോടി രൂപായും കോളേജിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഈ തുക കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി മാത്രമേ വിനിയോഗിക്കാൻ കഴിയൂ.
ഐ.എച്ച്.ആർ.ഡിക്ക് ഭൂമിയുണ്ട്
കോളേജിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. ഐ.എച്ച്.ആർ.ഡി കരുനാഗപ്പള്ളി എൻജിനിയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അധികം വരുന്ന ഭൂമി തഴവ കോളേജിനായി ഏറ്റെടുക്കുന്നതിനെ കുറിച്ച് യോഗത്തിൽ നിർദ്ദേശം ഉയർന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായാണ് അറിയുന്നത്.
നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടും. തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന് ഭൂമി വാങ്ങുന്നതിനായി തഴവാ ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
തഴവ ഗവ. കോളേജ്
ആരംഭിച്ചത്: 2016ൽ
കുട്ടികൾ: 350ലധികം
ക്ളാസ് മുറികകൾ: 14
വേണ്ടത്: 17
ജീവനക്കാർ: 22
അദ്ധ്യാപകർ: പ്രിൻസിപ്പലടക്കം നാലുപേർ
ഗസ്റ്റ് അദ്ധ്യാപകർ: 16
മറ്റ് ജീവനക്കാർ: 2