aaa
കേരളകൗമുദിയും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധപൗർണമി ബോധവത്കരണ ക്ലാസ് കൊല്ലം എസ്.എൻ ട്രസ്‌റ്റ് സെൻട്രൽ സ്‌കൂളിൽ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ് രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഐ.നൗഷാദ്, പ്രിവന്റീവ് ഓഫീസർ കെ. ഷഹറുദ്ദീൻ, എസ്.എൻ ട്രസ്‌റ്റ് സെൻട്രൽ സ്‌കൂൾ സ്‌പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ, പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ എന്നിവർ സമീപം

കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ തുടക്കം

കൊല്ലം: ലഹരി വസ്തുക്കൾ വ്യാപകമാവുന്നതിന് പിന്നിൽ രാജ്യത്തെ തക‌ർക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്ത് പറഞ്ഞു. 'നമുക്ക് ഒരുമിക്കാം ലഹരിക്കെതിരെ' എന്ന സന്ദേശമുയർത്തി കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണമി ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഒന്നാമത് പഞ്ചാബാണ്. കായികരംഗത്ത് വലിയ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഈ മുന്നേറ്റം തടയാൻ പഞ്ചാബിലെ ജനങ്ങളെ ലഹരിക്ക് അടിമയാക്കാനുള്ള ഗൂഢാലോചനയുണ്ട്.

കേരളത്തിലെ ലഹരിവ്യാപനത്തിന് പിന്നിലും സമാനമായ നീക്കമുണ്ട്. ഐ.ടി അടക്കമുള്ള ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ സമീപകാലത്ത് മലയാളികൾ അന്തർദ്ദേശീയ ശ്രദ്ധയിലേക്ക് ഉയരുന്നുണ്ട്. ഈ വളർച്ചയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഇത് പെട്ടിക്കടയിൽ കഞ്ചാവ് കച്ചവടം നടത്തുന്നയാളുടെ ബുദ്ധിയല്ല. രാജ്യാന്തര തലത്തിൽ വേരുകളുണ്ട്.

കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളും സമൂഹത്തിലെ മൂല്യച്യുതിയും കുട്ടികൾ ലഹരിയുടെ ഉപയോഗത്തിലേക്ക് വഴുതി വീഴാൻ കാരണമായിട്ടുണ്ട്. പുതുതലമുറയെ തളർത്തുന്ന ലഹരി വ്യാപനത്തിനെതിരെ വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എ.എസ്. രഞ്ജിത്ത് പറഞ്ഞു.

പുതുതലമുറ ലഹരി പദാർത്ഥങ്ങളുടെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരായിട്ടും അവയുടെ ഉപഭോഗത്തിലേക്ക് നീങ്ങുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ. കെ. സാംബശിവൻ പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
തലമൂടി നീട്ടി വളർത്തി ബൈക്കിൽ ചെത്തിക്കറങ്ങി നടക്കുന്ന യുവാക്കളാണ് ലഹരിപദാർത്ഥങ്ങളുമായി കൂടുതൽ പിടിയിലാകുന്നതെന്നും ഇവരുടെ വലയിലാകാതിരിക്കാൻ വിദ്യാർത്ഥികൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദ് ആശംസാ പ്രസംഗത്തിൽ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ബിജു വിജയനും ആശംസ നേർന്നു.

ആവശ്യമില്ലാത്ത കാഴ്ചകളിൽ നിന്നും ശബ്ദങ്ങളിൽ നിന്നും ഒഴിഞ്ഞുമാറിയാൽ ലഹരിപദാർത്ഥങ്ങളുടെ ഉപഭോഗത്തിലേക്ക് വഴുതി വീഴാതെ രക്ഷപ്പെടാമെന്ന് ലഹരി വിരുദ്ധ ക്ലാസെടുത്ത എക്സൈസ് പ്രിവന്റീവ് ഓഫീസർ എ. ഷഹറുദ്ദീൻ പറഞ്ഞു. സീനിയർ അദ്ധ്യാപിക ടി. കവിത സ്വാഗതവും പി.ടി.എ സെക്രട്ടറി ചന്തു അശോക് നന്ദിയും പറഞ്ഞു.

കേരള കൗമുദി ബോധപൗർണമി ക്ലബ്ബ്

എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ ബോധപൗർണമി ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു. പ്ലസ് വൺ വിദ്യാർത്ഥികളായ എസ്.ജെ. ഷായെ പ്രസിഡന്റായും പ്രണവ്. പി. പ്രസന്നനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എ. ആനന്ദ്, ആർ. ഹർഷവർദ്ധിനി, എസ്. മഞ്ജിമ, എസ്. ഗായത്രി, സാന്ദ്ര ബോണി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്രി അംഗങ്ങൾ.