പത്തനാപുരം; സുഗതന്റെ വർക്‌ഷോപ്പിന് ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് വിളക്കുടി ഗ്രാമ പഞ്ചായത്തിലേക്ക് കോൺഗ്രസിന്റെ നേതൃത്ത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കുന്നിക്കോട് പുളിമുക്കിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ വച്ച് കുന്നിക്കോട് സി.ഐ മുബാറക്കിന്റെനേതൃത്ത്വത്തിലുളള പൊലീസ് സംഘം തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിച്ചാൽ അനാവശ്യ കാരണങ്ങൾ പറഞ്ഞ് ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നിഷേധിക്കുകയാണെന്നും ഒടുവിൽ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന പ്രവാസി സംരംഭകരുടെ ഒടുവിലത്തെ ഉദാഹരണമാണ് ആന്തൂരിലെ സാജനും വിളക്കുടിയിലെ സുഗതനുമെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.
വിളക്കുടി പഞ്ചായത്ത് ഭരണസമിതി സുഗതന്റെ മക്കളോട് കാണിക്കുന്നത് അനീതിയാണെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, കെ.പി.സി.സി നിർവാഹക സമിതിയംഗം സി.ആർ. നജീബ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു മാത്യു, റെജിമോൻ വർഗീസ്, പള്ളിത്തോപ്പിൽ ഷിബു, യു.ഡി.എഫ് ചെയർമാൻ ജി. രാധാമോഹനൻ, ആർ. പത്മഗിരീഷ്, കുന്നിക്കോട് ഷാജഹാൻ, കാര്യറ എസ്. നാസറുദ്ദീൻ, എച്ച്. അനീഷ് ഖാൻ, എസ്. സലീം, അബ്ദുൽ മജീദ്, ഷാഹുൽ കുന്നിക്കോട്, കുട്ടപ്പൻ നായർ, ജോസ് കുട്ടി, ടി. അജിത്ത് കുമാർ, അഡ്വ. സജയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജ്യോതി വി.ആർ, അഡ്വ. ടി.എം. ബിജു, ടിജു യോഹന്നാൻ, ബിജു കാര്യറ, ആശാ ബിജു, ഫാത്തിമാ ബീവി, അദബിയ നാസറുദ്ദീൻ, വി.എസ്. വിനോദ്, കെ. നസീർ, സലാഹുദ്ദീൻ, സജീദ്, അഫ്‌സൽ മജീദ്, ജോമോൻ ഞാറക്കാട്, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.