പത്തനാപുരം: മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ ആരോഗ്യസംഘം വിളക്കുടി പഞ്ചായത്തിലെ കല്ലൂർക്കോണം, കാവൽപ്പുര തുടങ്ങിയ പ്രദേശങ്ങളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിനഞ്ചോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. രോഗം പടരുന്നതിനെ തുടർന്നാണ് വിദഗ്ദ്ധ സംഘം മേഖലയിൽ പരിശോധന നടത്തിയത്. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ സർവയലൻസ് ഓഫീസറുമായ ഡോ. സന്ധ്യയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ദ്ധ സംഘമാണ് പരിശോധന നടത്തിയത്. രോഗബാധിത മേഖല സന്ദർശിച്ച സംഘം രോഗികളുടെ വീടുകളിൽ പനി ലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ബന്ധുക്കളുടെയും രക്തസാമ്പിളുകൾ ശേഖരിച്ചു. രോഗം പടരാൻ ഇടയാക്കിയതെന്ന് സംശയിക്കുന്ന കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്കിൽ നിന്നും കിണറ്റിൽ നിന്നും കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു. ഇതിന് പുറമേ രോഗബാധിതരുടെ വീടുകളിലെ കിണറുകളിൽ നിന്നും സമീപത്തെ കുഴൽ കിണറ്റിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് കൊല്ലത്തെ പബ്ലിക് ഹെൽത്ത് ലാബിലാണ് പരിശോധിക്കുന്നത്. എട്ടു ദിവസത്തിന് ശേഷമേ ഫലം ലഭ്യമാകൂ. മുപ്പതോളം വീടുകളിലാണ് മെഡിക്കൽ സംഘം സന്ദർശനം നടത്തിയത്. അടിയന്തര സാഹചര്യമുണ്ടെങ്കിൽ ജില്ലാ ടീമിന്റെ മെഡിക്കൽ ക്യാമ്പ് പ്രദേശത്ത് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.