കടയ്ക്കൽ: കോട്ടുക്കൽ ജില്ലാ കൃഷി ഫാമിൽ നിന്ന് അനധികൃതമായി മരം മുറിച്ച് കടത്തുന്നതിനെതിരെ വൃക്ഷത്തെ നട്ട് എ.ഐ.വൈ.എഫ് കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. കോട്ടുക്കൽ കൃഷി ഫാമിൽ പാഴ്മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കരാർ ലഭിച്ചതിന്റെ മറവിൽ വൻ മരങ്ങൾ മുറിച്ച് കടത്തിയത് വിവാദമായിരുന്നു. ഫാം അധികൃതരുടെ ഒത്താശയോടെയാണ് കരാറുകാരൻ മരം മുറിച്ച് കടത്തിയതെന്നാണ് ആക്ഷേപം. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ ലോക്കൽ കമ്മിറ്റിയും പരാതി നൽകിയിരുന്നു.
സൂപ്രണ്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി. ആദർശ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എസ്. നിധീഷ്, റോയി തോമസ് തുടങ്ങിയവർ സംസാരിച്ചു. സുധിൻ കടയ്ക്കൽ , അശോക് ആർ. നായർ, സോണി, ആർ. സന്തോഷ്, വിജിത് കുമ്മിൾ, അതുൽ എസ്. ദത്ത്, അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.