കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശൻ സ്‌നേഹഭവനം പദ്ധതിയിലെ ആദ്യഭവനത്തിന്റെ സമർപ്പണം നാളെ (ഞായർ) വൈകിട്ട് 3ന് കൊല്ലം ശ്രീനാരായണ കോളജ് ഓപ്പൺ എയർ ആഡിറ്റോറിയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്ന 25 വീടുകളുടെ ശിലാസ്ഥാപനവും അദ്ദേഹം നിർവഹിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും സെക്രട്ടറി എൻ.രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ യൂണിയന്റെ പരിധിയിലുള്ള 76 ശാഖകളിലും ഓരോ ഭവനം വീതം നിർമ്മിച്ചു നൽകുന്ന പദ്ധതിയാണിത്. വാളത്തുംഗൽ ശാഖാംഗമായ മങ്കാരത്ത് പടിഞ്ഞാറ്റതിൽ രാജി ഷിബുവിനാണ് ആദ്യ വീട് നൽകുന്നത്. സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനരഹിതർക്കാണ് വീട് നൽകുന്നത്. മൂന്നു സെന്റിൽ കുറയാത്ത സ്ഥലത്താണ് വീട് നിർമ്മാണം. സ്‌നേഹഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ശാഖകളിലും ഈ പ്രവർത്തനം നടക്കുന്നുണ്ട്.
കൊല്ലം യൂണിയൻ നടപ്പാക്കുന്ന സ്‌കോളർഷിപ്പ് വിതരണം എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. വനിതാ സമ്മേളനവും നടത്തും. കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.സുന്ദരൻ, ബോർഡംഗം ആനേപ്പിൽ എ.ഡി രമേഷ്, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ് സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ, പി.സുന്ദരൻ, ആനേപ്പിൽ എ.ഡി. രമേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.