കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ രാത്രി കാലങ്ങളിൽ അതിക്രമിച്ച് കയറി ക്ലാസ് മുറികളിൽ തമ്പടിക്കുകയും അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കറും സെക്രട്ടറി എൻ. രാജേന്ദ്രനും പത്രസമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കും. പ്രധാന ഭാഗങ്ങളിലെല്ലാം സി.സി.ടി.വി കാമറകൾ സ്ഥാപിക്കും.
വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം സമർപ്പണത്തിന്റെ ചടങ്ങ് വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. കോളേജിന് ചുറ്റും ഉയരത്തിൽ മതിൽക്കെട്ടുണ്ടെങ്കിലും അത് ചാടിക്കടന്നും വളപ്പിലെത്തുന്നത് പതിവാണ്. മുൻപും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ 'കേരളകൗമുദി' വാർത്തയെ തുടർന്നാണ് ഇപ്പോഴത്തെ വിഷയം ശ്രദ്ധയിൽപ്പെട്ടതെന്ന് യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാളെ ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നതിനോടനുബന്ധിച്ച് ചേർന്ന യൂണിയൻ കൗൺസിലിലാണ് മതിയായ നടപടികൾ സ്വീകരിക്കാൻ തീരുമാനമെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് രാത്രി പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാരെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ്. പൂട്ടിയിടുന്ന ക്ലാസ് റൂമുകൾ തല്ലിതുറക്കുന്നത് പതിവായിരിക്കുകയാണെന്നും അവർ പറഞ്ഞു. കോടതി ഉത്തരവ് പോലും ലംഘിച്ച് നടക്കുന്ന പ്രവർത്തനങ്ങൾ കോളേജിൽ അരങ്ങറുന്നതിനാൽ പൊലീസ് നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. എസ്.എൻ.ട്രസ്‌റ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ സാമൂഹിക വിരുദ്ധർ നടത്തിയ അതിക്രമത്തിൽ നാശനഷ്‌ടങ്ങൾ ഉണ്ടായതായി അവർ പറഞ്ഞു. പണം ലക്ഷ്യമിട്ടെത്തിയവർ സ്‌കൂളിലെ അലമാരകൾ ഉൾപ്പെടെയുള്ളവ നശിപ്പിച്ചു. എന്നാൽ അവിടെ പണം സൂക്ഷിക്കാറില്ലെന്നും അവർ പറഞ്ഞു.