bike
കർബല റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകൾ

 നാല് മാസത്തിനിടെ മോഷണം പോയത് 10 ബൈക്കുകൾ

കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള കർബല റോഡിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോകുന്നത് പതിവാകുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് ബൈക്കുകളാണ് ഈ ഭാഗത്ത് നിന്ന് മോഷണം പോയത്. ഇതിലൊന്ന് പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവിടെ ബൈക്ക് പാർക്ക് ചെയ്യുന്നതിലധികവും റെയിൽവേ സ്റ്റേഷനിലെത്തുന്നവരാണ്. ജോലി കഴിഞ്ഞ് വൈകിട്ടെത്തുമ്പോൾ ബൈക്കിന്റെ പൊടിപോലും കാണില്ല. ഇവിടെ കാറുകൾ പാർക്ക് ചെയ്യാറുണ്ടെങ്കിലും സമീപകാലത്തെങ്ങും മോഷണം പോയതായി അറിവില്ല. ഏറെ പഴക്കമുള്ളതും വിലക്കൂടിയതുമായ ബൈക്കുകളാണ് മോഷണം പോകുന്നവയിൽ അധികവും. ബൈക്കുകൾ പൊളിച്ച് സ്പെയർപാർട്സ് ആക്കി വിൽക്കുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

പാർക്ക് ചെയ്യുന്നത് 500 ഒാളം ബൈക്കുകൾ

റെയിൽവെ സ്റ്റേഷന് സമീപത്തെ ബസ് സ്റ്റോപ്പ് മുതൽ ക്യു.എ.സി റോഡിലേക്ക് തിരിയുന്നിടം വരെ ഇരുവശങ്ങളിലുമായി കുറഞ്ഞത് 500 ബൈക്കുകളെങ്കിലും സ്ഥിരമായി പാർക്ക് ചെയ്യാറുണ്ട്.

മോഷ്ടാക്കളെ വലയിലാക്കാൻ ഇവിടെ ഷാഡോ പൊലീസിനെ നിയോഗിച്ചിരുന്നു. എന്നിട്ടും മോഷണം പതിവായതോടെ ഈസ്റ്റ് പൊലീസ് ഇവിടെ കാമറകൾ സ്ഥാപിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

'' മോഷണം അടക്കമുള്ള കുറ്രകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നഗരസഭ കാമറ സ്ഥാപിച്ച് വരുകയാണ്. വൈകാതെ കർബല റോഡിലും സ്ഥാപിക്കും.''

വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)

പാർക്കിംഗിന് ഉയർന്ന ഫീസ്

റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടത്തിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാതിരുന്ന സമയത്താണ് യാത്രക്കാർ വാഹനങ്ങൾ റോഡ് വക്കിൽ പാർക്ക് ചെയ്യാനാരംഭിച്ചത്. രണ്ടാം പ്രവേശന കവാടം തുറന്നതോടെ പാർക്കിംഗ് സൗകര്യം ലഭ്യമായെങ്കിലും ഉയർന്ന ഫീസ് കാരണം പലരും റോഡ് വക്കിൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാറാണ് പതിവ്. ട്രെയിൻ പോകുമെന്ന ആശങ്കയുള്ളതിനാൽ പള്ളിമുക്ക്, ചെമ്മാൻമുക്ക് ഭാഗങ്ങളിൽ നിന്ന് വരുന്നവരിലധികവും ചിന്നക്കട ചുറ്റിക്കറങ്ങി രണ്ടാം പ്രവേശന കവാടത്തിലേക്ക് പോകാനും തയ്യാറാകുന്നില്ല.