കൊട്ടാരക്കര: മഴ മാറി നിന്നിട്ടും ടാറിംഗ് നടക്കാത്തതിനാൽ കൊട്ടാരക്കര- പുത്തൂർ റോഡിൽ ദുരിതമേറുന്നു. പൊടിശല്യം അസഹനീയമായതാണ് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നത്. കൊട്ടാരക്കരയ്ക്കും പുത്തൂരിനും ഇടയിലെ നിർമ്മാണ ജോലികളാണ് നിലച്ചത്. ശാസ്താംകോട്ട - കൊട്ടാരക്കര നീലേശ്വം-കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ ജോലികൾക്കായി കിഫ്ബിയിൽ ഉൾപ്പെടുത്തി 20.80 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി അവണൂർ മുതൽ പുത്തൂരിന് സമീപംവരെ വീതി കൂട്ടിയിരുന്നു. കരാറായിട്ടും നിർമ്മാണ ജോലികൾ തുടങ്ങാൻ ഏറെ വൈകിയാണ് ആരംഭിച്ചത്. മഴക്കാലത്തിന് മുൻപ് തീർപ്പാക്കേണ്ട ജോലികൾ നീണ്ടുപോയത് വലിയ പരാതികൾക്കും ഇടയാക്കി. റോഡിന്റെ വീതി കൂട്ടിയതിലും മറ്റും ക്രമക്കേടുകൾ നടന്നെന്ന ആക്ഷേപവുമുണ്ടായി.
തുടർന്ന് മന്ത്രി ജി. സുധാകരൻ വിഷയത്തിൽ ഇടപെടുകയും അസി.എക്സി. എൻജിനിയറടക്കമുള്ള ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം പകരം ചുമതലക്കാരെ ജോലി ഏൽപ്പിച്ച് നിർമ്മാണം യുദ്ധകാല അടിസ്ഥാനത്തിൽ പുനരാരംഭിച്ചു. അതാണ് വീണ്ടും നിലച്ചത്. കൊട്ടാരക്കരയിൽ നിന്ന് പുത്തൂർ വരെയുള്ള റോഡിൽ ടാറിംഗ് ഇളക്കി മാറ്റിയ നിലയിലാണ്. ചിലയിടങ്ങളിൽ റോഡിലെ കയറ്റം കുറയ്ക്കാനായി ടാറിംഗ് ഉൾപ്പടെ മണ്ണ് ഇളക്കി മാറ്റി. ജോലികൾ പുരോഗമിക്കവെ മഴ പെയ്തതോടെ ടാറിംഗ് മുടങ്ങി. എന്നാൽ പിന്നീട് മഴ മാറിയിട്ടും അധികൃതർ ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ഇപ്പോൾ പൊടി ശല്യം രൂക്ഷമായി മാറി. മൂഴിക്കോട് ഗവ.എൽ.പി സ്കൂളിന് സമീപത്തെ പൊടിശല്യം സ്കൂളിന്റെ പ്രവർത്തനത്തെപ്പോലും സാരമായി ബാധിക്കുന്നുവെന്നാണ് പരാതി.
സംരക്ഷണ ഭിത്തി പുനർനിർമ്മിക്കണം
റോഡിന്റെ കോട്ടാത്തല പണയിൽ ജംഗ്ഷൻ മുതൽ പത്തടി കലുങ്ക് വരെയുള്ള ഭാഗത്തെ സംരക്ഷണ ഭിത്തി തകരാറിലാണ്. ഇവിടുത്തെ കൽക്കെട്ടുകൾ ഇളകി. ഏത് നിമിഷവും ഇത് തകരും. പണയിൽ ജംഗ്ഷന് സമീപത്ത് കൽക്കെട്ട് ഇടിയാൻ സാദ്ധ്യയുള്ളതിനാൽ മരക്കൊമ്പും മറ്റും വച്ച് അപകട സൂചന സ്ഥാപിച്ചത് മാത്രമാണ് മിച്ചം. പെരുമഴ എത്തുമ്പോൾ തോട്ടിൽ വെള്ളം കയറും. കൽക്കെട്ട് ഇടിഞ്ഞു തള്ളുകയും ചെയ്യും. പണയിൽ ക്ഷേത്രത്തിന് മുൻഭാഗത്ത് മുൻപ് ഉണ്ടായിരുന്ന കലുങ്ക് ഇപ്പോൾ അടച്ച നിലയിലാണ്. ഇതും പുനർനിർമ്മിക്കേണ്ടതുണ്ട്.
പൊടിശല്യത്തിന് അറുതിയുണ്ടാക്കണം
പുത്തൂർ- കൊട്ടാരക്കര റോഡിന്റെ നിർമ്മാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം. പൊടിശല്യത്തിന് അടിയന്തിര പരിഹാരം കണ്ടേതീരൂ. മൂഴിക്കോട് ഗവ.എൽ.പി സ്കൂളിന് സമീപത്ത് വലിയ തോതിൽ പൊടിശല്യം അനുഭവപ്പെടുന്നുണ്ട്. അധികൃതർ വിഷയത്തിൽ ഇടപെടണം.
(ജി.വിശ്വംഭരൻ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ)