navas
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ തടാകതീരത്ത് കുന്നിടിച്ച് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്ന സ്ഥലം സന്ദർശിക്കുന്നു.

ശാസ്താംകോട്ട: എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി ശാസ്താംകോട്ട തടാകതീരത്ത് കുന്നിടിച്ച സ്ഥലം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. തടാകത്തിന്റെ സംരക്ഷണത്തിൽ സംസ്ഥാന സർക്കാർ വലിയ അനാസ്ഥയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വൃഷ്ടി പ്രദേശത്ത് നിർമ്മാണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. ശിലാസ്ഥാപനം നടത്തിയ മന്ത്രി ജനങ്ങളോട് മാപ്പു പറയണം.

ഒന്നാം മോദി സർക്കാരിന്റെ കാലത്ത് കേന്ദ്ര മന്ത്രി തന്നെ തടാകം സന്ദർശിക്കുകയും സംരക്ഷണത്തിനായി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ പണം തടാക സംരക്ഷണത്തിനായി ചെലവാക്കിയില്ല. കേന്ദ്രഫണ്ട് ചെലവഴിക്കുന്നതിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. ഇത് സംസ്ഥാന സർക്കാർ വകമാറ്റി ചെലവിടുകയാണ്.

കേരളത്തിലെ ജലസ്രോതസുകളുടെ സംരക്ഷണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട് അതിന്റെ തെളിവാണ് പെരിയാറിന്റെ സംരക്ഷണത്തെക്കുറിച്ച് രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ പ്രസംഗം. പരിസ്ഥിതിക്ക് ദോഷകരമാകുന്ന നിർമ്മാണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനായി ബി.ജെ.പി യുടെ നേതൃത്വത്തിൽ പ്രത്യേക കർമ്മപദ്ധതി തയാറാക്കും. തടാക സംരക്ഷണം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, കെ. കരുണാകരൻപിള്ള, രാജേന്ദ്രൻ പിള്ള, ജിതിൻ ദേവ്, നളിനി ശങ്കരമംഗലം, ശാസ്താംകോട്ട മഹേഷ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.