police
ആര്യങ്കാവിലെ വീട്ടിൽ നിന്നും പിടി കൂടിയ തമിഴ്നാട് റേഷൻ അരി തെന്മല പൊലിസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

പുനലൂർ: കേരളത്തിൽ മായം കലർത്തി വിറ്റഴിക്കാനായി തമിഴ്നാട്ടിൽ നിന്നു കടത്തി കൊണ്ടുവന്ന് ആര്യങ്കാവിലെ വീട്ടിലും കഴുതുരുട്ടിയിലെ രഹസ്യ ഗോഡൗണിലും സൂക്ഷിച്ചിരുന്ന 150 ഓളം ചാക്ക് തമിഴ്നാട് റേഷനരിയുമായി രണ്ടു പേർ പിടിയിൽ. ആര്യങ്കാവ് സ്വദേശികളായ മത്തായി ശ്യാമുവേൽ, തോമസ് എന്നിവരെയാണ് ഷാഡോ പൊലിസ് പിടികൂടിയത്. ആര്യങ്കാവിലും കഴുതുരുട്ടിയിലും എത്തിക്കുന്ന തമിഴ്നാട് റേഷൻ അരി കൃത്രിമമായി പൊന്നരിയാക്കി വിപണികളിൽ മുന്തിയ വിലയ്ക്ക് വിൽക്കുന്ന സംഘം സജീവമാണ്.ഇതേ തുടർന്നാണ് ഷാഡോ പൊലീസ് രംഗത്ത് എത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം അരി അധികൃതർക്ക് കൈമാറുമെന്ന് തെന്മല പൊലിസ് അറിയിച്ചു. പത്തുവർഷമായി ആര്യങ്കാവും കഴുതുരുട്ടിയും കേന്ദ്രീകരിച്ച് തമിഴ്നാട് റേഷൻ അരി പൊന്നരിയാക്കി വിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.