കൊല്ലം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിൽ മൂന്നിടത്ത് എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും വിജയിച്ചു. കിഴക്കെ കല്ലട ഗ്രാമപഞ്ചായത്ത് ഓണമ്പലം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത കോൺഗ്രസ് സ്ഥാനാർത്ഥി സിന്ധു പ്രസാദ് 491 വോട്ടുകൾ നേടി വിജയിച്ചു (ഭൂരിപക്ഷം 137). സി.പി.ഐ സ്ഥാനാർത്ഥി എ. ലില്ലിക്കുട്ടിക്ക് 354 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ബി.എസ് മായയ്ക്ക് 29 വോട്ടും ലഭിച്ചു.
അഞ്ചൽ ഗ്രാമപഞ്ചായത്ത് മാർക്കറ്റ് വാർഡിൽ യു.ഡി.എഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത സി.പി.എം സ്ഥാനാർത്ഥി നസീമ ബീവി 544 വോട്ടുകൾ നേടി വിജയിച്ചു. (ഭൂരിപക്ഷം 46). കോൺഗ്രസ് സ്ഥാനാർത്ഥി നൂർജഹാന് 498 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി എസ്. മൃദുല കുമാരിക്ക് 83 വോട്ടുകളും ലഭിച്ചു.
കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ തുമ്പോട് വാർഡിൽ സി.പി.എം സ്ഥാനാർത്ഥി ജെ.എം മർഫി 668 വോട്ടുകൾ നേടി വിജയിച്ചു. (ഭൂരിപക്ഷം 287) സി.പി.എമ്മിലെ മനോഹരന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ജി. മോഹനന് 381വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി എസ്. മണിരാജന് 37 വോട്ടുകളും ലഭിച്ചു.
ഇട്ടിവ ഗ്രാമപഞ്ചായത്ത് നെടുമ്പുറം വാർഡിൽ എൽ.ഡി.എഫ് സീറ്റ് നിലനിറുത്തി. സി.പി.എം സ്ഥാനാർത്ഥി ബി. ബിജു 752 വോട്ടുകൾ നേടി വിജയിച്ചു. ഭൂരിപക്ഷം 480. കോൺഗ്രസ് സ്ഥാനാർത്ഥി ബി. രാജീവിന് 272 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ദീപേഷ് കുമാറിന് 264 വോട്ടും സ്വതന്ത്റസ്ഥാനാർത്ഥി വിജയന് 4 വോട്ടും ലഭിച്ചു.