കൊല്ലം : തിരുനെൽവേലി പാലക്കാട് പാലരുവി എക്സ് പ്രസ് ട്രെയിനും പുനലൂർ കന്യാകുമാരി ട്രെയിനും കൂടുതൽ പുതിയ കോച്ചുകൾ അനുവദിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അങ്കടിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ചു.
പുനലൂർ പാലക്കാട് പാലരുവി ട്രെയിൻ തിരുനെൽവേലി വരെ നീട്ടിയതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. എല്ലാ സ്റ്റേഷനിൽ നിന്നും യാത്രക്കാർ നിറഞ്ഞാണ് സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. കോച്ചുകളുടെ എണ്ണം കുറവായതിനാൽ ഈ സെക്ടറിലെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധിയിൽപ്പെടുത്തി.
രാവിലെ പുനലൂരിൽ നിന്നും തിരുവനന്തപുരം വഴി കന്യാകുമാരിക്ക് പോകുന്ന ട്രെയിനിലും യാത്രക്കാർ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. സ്‌ക്കൂൾ, കോളേജ് വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന യാത്രക്കാരും കോച്ചുകളുടെ അപര്യാപ്ത മൂലം നിന്ന് യാത്ര ചെയ്യേണ്ടിവരുന്നു. ഇതിന് പരിഹാരം കാണുന്നതിന് ഈ ട്രെയിനിൽ കൂടുതൽ കോച്ചുകൾ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു.
ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ കൊല്ലം എഗ് മോർ ട്രെയിനും കുര സ്റ്റേഷനിൽ പുനലൂർ കന്യാകുമാരി ട്രെയിനും സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.