കൊല്ലം: ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി പണം പിടിച്ചെടുത്തു. കൊല്ലം ആർ.ടി.ഒ, കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിലാണ് പണം കണ്ടെത്തിയത്. ഇടനിലക്കാരുമായുള്ള രഹസ്യഇടപാടുകളുടെ സൂചനകളും കണ്ടെത്തി.
കൊല്ലം ആർ.ടി.ഒ ഓഫീസിലെ ഫയലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് 1000 രൂപ കണ്ടെടുത്തത്. വാഹനങ്ങളുടെ സി.സി ഇടപാട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കണമെന്നാണ് ചട്ടം. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കെട്ടുകളാക്കി സ്റ്റോർ റൂമിൽ തള്ളിയിരിക്കുകയായിരുന്നു. ആർ.സി ബുക്കിനുള്ള 450 അപേക്ഷകൾ സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കിയില്ലെന്നും കണ്ടെത്തി. ഉടമയ്ക്ക് പകരം എജന്റുമാരാണ് ഫിറ്റ്നസ് ടെസ്റ്റിനുള്ള ഭൂരിഭാഗം അപേക്ഷകളിലും ഒപ്പിട്ടിരിക്കുന്നത്. ഇവയ്ക്കെല്ലാം ഫിറ്റ്നസ് നൽകിയിട്ടുണ്ട്. ഗുഡ്സ് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിലും സമാനമായ ക്രമക്കേടുണ്ട്.
കുന്നത്തൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ ഗ്രൗണ്ട് ടെസ്റ്റിന് പോയ എ.വൈ.ഐമാരും എ.എം.വി.ഐമാരും ഉച്ചയ്ക്ക് ശേഷം ജോലിക്ക് ഹാജരായിരുന്നില്ല. പേഴ്സണൽ കാഷ് രജിസ്റ്ററിൽ 70 രൂപ മാത്രം രേഖപ്പെടുത്തിയിരുന്ന ക്ലർക്കിന്റെ കൈയിൽ നിന്ന് 2030 രൂപ പിടിച്ചെടുത്തു. ഇത് കൈക്കൂലിയായി വാങ്ങിയതെന്നാണ് സംശയം. അധികമായി ഉണ്ടായിരുന്ന തുകയെപ്പറ്റി അദ്ദേഹത്തിന് കൃത്യമായ വിശദീകരണവും ഉണ്ടായിരുന്നില്ല 434 ആർ.സി ബുക്കുകൾക്കായുള്ള അപേക്ഷകളിൽ സമയപരിധി കഴിഞ്ഞിട്ടും തീർപ്പാക്കിയിരുന്നില്ല.
പുനലൂർ ആർ.ടി. ഒ ഓഫീസിലെ ഓതറൈസേഷൻ ലൈറ്ററുകളിൽ ഭൂരിഭാഗവും ഉടമകൾക്ക് പകരം ഏജന്റുമാരാണ് ഒപ്പിട്ടിരിക്കുന്നത്. എം.വി.ഐമാരുടെയും എ.എം.വി.ഐമാരുടെയും മൂവ്മെന്റ് രജിസ്റ്ററും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലെ കാമറകളും കൃത്യമായി പ്രവർത്തിച്ചിരുന്നില്ല.
കൊല്ലം വിജിലൻസ് എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിലടക്കം വരും ദിവസങ്ങളിലും പരിശോധന നടക്കുമെന്ന് വിജിലൻസ് അറിയിച്ചു.
ക്രമക്കേടുകൾ
റീ ടെസ്റ്റിനുള്ള അപേക്ഷകളിൽ ഒപ്പിട്ടിരിക്കുന്നത് ഇടനിലക്കാർ
പല അപേക്ഷകളിലും രഹസ്യ കോഡുകൾ
മൂവ്മെന്റ് , കാഷ് ഡിക്ലറേഷൻ രജിസ്റ്ററുകൾ പേരിന് മാത്രം