കൊല്ലം: കേരളത്തിലെ ഇടതു നേതാക്കൾ സുഖലോലുപതയിൽ മുഴുകിയിരിക്കുകയാണെന്ന് മിസോറാം മുൻ ഗവർണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രവർത്തക ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുനേതാക്കൾക്ക് പണം നിസാരകാര്യമാണ്. ജി.എസ് ജയലാൽ എം.എൽ.എയുമായി ബന്ധപ്പെട്ട ആശുപത്രി വിവാദം ഇതിന് തെളിവാണ്. മക്കളെ നിലയ്ക്ക് നിറുത്താൻ സാധിക്കാത്തവരാണ് വിപ്ലവ പാർട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനമനസുകളെ കീഴടക്കിയ നരേന്ദ്രമോദി സർക്കാരിനും ബി.ജെ.പിക്കും കൂടുതൽ ശക്തി പകരാൻ പ്രവർത്തനം കരുത്തുറ്റതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ , സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ട്രഷറർ എം.എസ്. ശ്യാംകുമാർ, ബി. രാധാമണി, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്, പ്രാക്കുളം ജയപ്രകാശ്, ആയൂർ മുരളി തുടങ്ങിയവർ സംസാരിച്ചു.