കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനി ഭീതി അകലുന്നു. മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തത് ചെറിയ ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. അഞ്ചൽ, കരവാളൂർ പുനലൂർ മേഖലകളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്‌തത്. എന്നാൽ മഴക്കാല രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചതോടെ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായി. വീടുകളിലും പരിസരങ്ങളിലും കൊതുക് ഉറവിട നശീകരണം, ഫോഗിംഗ് തുടങ്ങിയവ കാര്യക്ഷമമാക്കി. ഒപ്പം ദിവസവേതനത്തിന് തൊഴിലാളികളെയും ആശ വർക്കമാരെയും നിയമിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്‌തു. കഴിഞ്ഞ ആറുമാസത്തിനിടെ വിവിധ പനികൾ ബാധിച്ച് നിരവധി പേരാണ് ചികിത്സ നേടിയത്. ഇതിൽ വൈറൽ പനി, എച്ച്1 എൻ1, എലിപ്പനി എന്നിവയും ഉൾപ്പെടും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയശേഷം രണ്ട് ഡെങ്കിപ്പനി കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം വൈറൽ പനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മഴക്കാല രോഗങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിനൊപ്പം പനിക്കെതിരെ മുൻകരുതലുകളുമായി ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പലരും കൈമരുന്നുകൾ പ്രയോഗിക്കുന്നതാണ് രോഗം മൂർച്ഛിക്കാൻ കാരണമാകുന്നതെന്നാണ് ആരോഗ്യവകുപ്പധികൃതർ പറയുന്നത്. എച്ച്1 എൻ1, എലിപ്പനി എന്നിവയുടെ മരുന്നുകൾ ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്. അതേസമയം ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ തമ്മിൽ തട്ടാതിരിക്കാൻ ടയറുകൾ കെട്ടിയിടുന്നത് കൊതുക് ശല്യം രൂക്ഷമാകാൻ കാരണമാകുന്നുണ്ട്. ഇത് തടയാനായി ആരോഗ്യ തീരം ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്. മേഖലകളിൽ കൂത്താടി നശീകരണ ലായനി തളിയ്‌ക്കുന്ന നടപടികൾ സ്വീകരിച്ചു. വീടുകൾ, ഓഫീസുകൾ, പ്ലാന്റേഷൻ മേഖലകൾ, കൺസ്‌ട്രക്‌ഷൻ സ്ഥലങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയും നടത്തിയിരുന്നു.
''ആരോഗ്യ വകുപ്പിന്റെ കീഴിൽ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അതിനൊപ്പം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ''
ഡി.എം.ഒ