kila-etc-
കൊട്ടാരക്കര കില ഇ.ടി.സി സംഘടിപ്പിച്ച വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ തുടർപരിശീലനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ എൻ.പദ്മകുമാർ സംസാരിക്കുന്നു

കൊല്ലം: സർക്കാർ ജീവനക്കാർ സാധാരണ ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ എൻ. പദ്മകുമാർ പറഞ്ഞു. കൊട്ടാരക്കര കില ഇ.ടി.സി നടത്തിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ തുടർപരിശീലനത്തിൽ സംസാരിക്കുകയായിരുന്നു പദ്മകുമാർ. ഉദ്യോഗസ്ഥർ നൂലാമാലകൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. നടപടിക്രമങ്ങളിലെ സങ്കീർണതകൾ പരിഹരിക്കാൻ ജനങ്ങളെ സഹായിക്കുന്ന തരത്തിൽ അവർ പ്രവർത്തിക്കണം.

സർക്കാർ പദ്ധതികളും പരിപാടികളും അർഹതപ്പെട്ടവർക്ക് കിട്ടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണം. അഴിമതിക്കും അലസതയ്‌ക്കുമെതിരെ ശക്തമായ നിലപാട് ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നും പദ്മകുമാർ ആവശ്യപ്പെട്ടു. പതിനൊന്നാമത് ബാച്ച് വി.ഇ.ഒ പരിശീലനാർത്ഥികൾ തയ്യാറാക്കിയ 'ഗോത്രായനം'- പട്ടിക ഗോത്രവർഗ സങ്കേത പഠന റിപ്പോർട്ട് ഗ്രാമവികസന കമ്മിഷണർ ഏറ്റുവാങ്ങി. മികച്ച രീതിയിൽ റിപ്പോർട്ട് തയ്യാറാക്കിയ വി.ഇ.ഒമാരെയും അതിന് നേതൃത്വം നൽകിയ കില ഇ.ടി.സി അധികൃതരെയും അദ്ദേഹം അഭിനന്ദിച്ചു. കില ഇ.ടി.സി പ്രിൻസിപ്പൽ ജി.കൃഷ്‌ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ലക്ചറർ എസ്. രമേശൻനായർ, കോഴ്സ് കോ ഓർഡിനേറ്റർമാരായ ബി. ഷബിന, വി.പി. റഷീദ്, ആർ.എസ്. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.