തൊടിയൂർ: വാഹനത്തിലെത്തിച്ച കക്കൂസ് മാലിന്യം രണ്ട് കിലോമീറ്റർ ദൂരമുള്ള റോഡിൽ ഒഴുക്കിയതായി പ്രദേശവാസികളുടെ പരാതി. തൊടിയൂർ പഞ്ചായത്തിലെ ഗതാഗതത്തിരക്കേറിയ മാരാരിത്തോട്ടം-ചാമ്പക്കടവ് റോഡിലാണ് മാലിന്യം തള്ളിയത്. മാലിന്യം കൊണ്ട് പോകുന്ന വാഹനത്തിലെ ടാങ്കിൽ ഹോസ് ഘടിപ്പിച്ചായിരിക്കും റോഡിലേയ്ക്ക് മാലിന്യം ഒഴുക്കിവിട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കല്ലേലിഭാഗം എസ്.എൻ.വി എൽ.പി.എസിന് സമീപമാണ് സാധാരണയായി മാലിന്യം നിക്ഷേപിക്കുന്ന പൊതുകുളമുള്ളത്. ഇതിനടുത്തുള്ള റോഡിലാണ് വലിയ അളവിൽ മാലിന്യം ഒഴുക്കിയിരിക്കുന്നത്. ഈ ഭാഗത്ത് തുടർച്ചയായി കക്കൂസ് മാലിന്യം തള്ളുന്നതായി പരാതിയുണ്ട്.