mayyanad
മയ്യനാട് സി. കേശവൻ സ്‌മാരക പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ പേര് മാറ്റി പകരം സ്ഥാപിച്ച ബോർഡ്

കൊല്ലം: മയ്യനാട് സി. കേശവൻ സ്‌മാരക പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ പേര് മാറ്റിയതിനെതിരെ ജനവികാരം ശക്തമായതോടെ സി. കേശവന്റെ പേര് ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് തെറ്റ് തിരുത്തി. ആർദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ പുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മയ്യനാട് കുടുംബ ആരോഗ്യ കേന്ദ്രം എന്നായിരുന്നു പേര്. ഇതിനെതിരെ മണിക്കൂറുകൾക്കുള്ളിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിലെത്തി. ജനവികാരം എതിരായതിനെ തുടർന്ന് സി. കേശവന്റെ പേരില്ലാത്ത ബോർഡ് അധികൃർക്ക് മാറ്റേണ്ടി വന്നു.

സി. കേശവൻ സ്‌മാരക പൊതുജനാരോഗ്യ കേന്ദ്രം എന്ന് തന്നെയാണ് ബോർ‌ഡ് സ്ഥാപിച്ച ഏജൻസിക്ക് എഴുതി നൽകിയതെന്നും പിഴവ് സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുമെന്നും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അടുത്ത ദിവസം തന്നെ പ്രധാന ഗേറ്റിന് മുന്നിൽ സി. കേശവന്റെ പേര് ഉൾപ്പെടുത്തി പുതിയ ബോർ‌ഡ് സ്ഥാപിക്കുമെന്നും അധികൃതർ പറഞ്ഞു.

 ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും

മയ്യനാട് സി. കേശവൻ സ്‌മാരക പൊതുജനാരോഗ്യ കേന്ദ്രത്തിൽ പുതിയ ബോർഡ് സ്ഥാപിച്ചപ്പോൾ സി. കേശവന്റെ പേര് വിട്ടുപോയതിന്റെ ഉത്തരവാദി നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏജൻസിയാണെന്ന് മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് പറഞ്ഞു.

അടിയന്തരമായി പുതിയ ബോർഡ് സ്ഥാപിക്കും. ഗുരുതരമായ തെറ്റിന് ഉത്തരവാദികളായവർക്കെതിരെ ശിക്ഷാ നടപടിയും ഉണ്ടാകും. പൊതുജനങ്ങൾക്കുണ്ടായ വേദനയിൽ ബ്ലോക്ക് പഞ്ചായത്ത് ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 ജനകീയ പ്രതിഷേധം ശക്തം

മയ്യനാട് സി. കേശവൻ സ്മാരക ആശുപത്രിയുടെ പേര് മാറ്റിയതിൽ എസ്.എൻ.ഡി.പി യോഗം 1021-ാം നമ്പർ മയ്യനാട് സൗത്ത് ശാഖ പ്രതിഷേധിച്ചു. സെക്രട്ടറി കെ.പി. രാജൻ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നടപടിയിൽ ബി.ജെ.പി മയ്യനാട് സൗത്ത് ഏരിയാ കമ്മിറ്റിയും പ്രതിഷേധിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഏജൻസിയുടെ വീഴ്ചയെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പിൻമാറാൻ പാടില്ല. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ബോധപൂർവമായ വീഴ്ചയാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി ആരോപിച്ചു.