കൊട്ടാരക്കര: പൊലീസ് സേനയ്ക്ക് രാഷ്ട്രീയം വേണ്ട എന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി എം.എം. മണി. കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ആറാം ജില്ലാ സമ്മേളനം കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മറ്റ് ട്രേഡു യൂണിയനുകളെ പോലെ പ്രവർത്തിക്കാനുള്ള അവകാശം പൊലീസിനില്ല. പൊലീസുകാരുടെ യൂണിയനുകൾ കേവലം ഒരു കൂട്ടായ്മക്കു വേണ്ടി മാത്രമാണെന്ന് എല്ലാവരും ഓർക്കണം.
സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തിളക്കുമുണ്ടാക്കാൻ കഴിയുന്നതു പോലെ ചീത്തപ്പേരുണ്ടാക്കാനും പൊലീസിന് കഴിയും. കേരളാ പൊലീസിലും ചില പുഴുക്കുത്തുകൾ ഉണ്ടെന്നതാണ് സമീപകാലത്തെ ചില സംഭവങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ലോക്കപ്പ് മരണം പൊലീസിനൊപ്പം സർക്കാരിനും ചീത്തപ്പേരുണ്ടാക്കി. കോടികളുടെ വെട്ടിപ്പു നടത്തിയ കേസിലെ പ്രതി രാജ്കുമാറിനെ ഇടപാടുകാരായ നാട്ടുകാർ കൈകാര്യം ചെയ്താണ് പൊലീസിനു കൈമാറിയത്. കസ്റ്റഡി മരണത്തിൽ പൊലീസിനൊപ്പം നാട്ടുകാരും പ്രതികളാണ്. വിഷയത്തിലെ സത്യാവസ്ഥ കണ്ടെത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പൊലീസ് ഓഫീസേഴ്സ് അസോ. റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ഐഷാപോറ്റി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ പ്രൊഫ. മാത്യൂസ് വാഴക്കുന്നം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. അസോ. സംസ്ഥാന പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, എസ്.ആർ. രമേശ്, ഡിവൈ.എസ്.പിമാരായ എസ്. നാസറുദ്ദീൻ, എ. അശോകൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജെ. ജോൺ, ആർ. ജയകുമാർ, എസ്. സലിം, വി.പി. ബിജു, എം. ഷിഹാബുദ്ദീൻ, ടി.എസ്. ശിവപ്രകാശ്, ടി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും ആർ.എൽ. സാജു നന്ദിയും പറഞ്ഞു.