ummanchandy
കശുഅണ്ടി ഫാക്ടറി ഉടമകളുമായി ആശ്രാമം ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തിയ ശേഷം എൻ.കെ പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവർക്കൊപ്പം പുറത്തിറങ്ങുന്ന ഉമ്മൻ ചാണ്ടി

പ്രതിസന്ധികളുടെ ആഴം പങ്കു വച്ച് ഉമ്മൻചാണ്ടിയുമായി ചർച്ച

 തീരുമാനമാകും വരെ നിരന്തരം വിഷയത്തിൽ ഇടപെടുമെന്ന് ഉമ്മൻചാണ്ടി

കൊല്ലം: കശുഅണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധികൾ മനസിലാക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കശുഅണ്ടി വ്യവസായികളുമായി കൊല്ലത്ത് ചർച്ച നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്‌ണ എന്നിവരും പങ്കെടുത്തു. കശുഅണ്ടി വ്യവസായ സംരക്ഷണ സമിതി അംഗങ്ങളുമായി ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയുടെ തുടർച്ചയായിരുന്നു കൊല്ലത്ത്.

തോട്ടണ്ടിക്ക് വലിയ തോതിൽ വില കുറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ വ്യവസായത്തെ രക്ഷപ്പെടുത്താൻ ഉമ്മൻചാണ്ടിയും എൻ.കെ. പ്രേമചന്ദ്രനും ഇടപെടൽ നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭ്യർത്ഥിച്ചു.

കശുഅണ്ടി വ്യവസായ സംരക്ഷണ സമിതി കൺവീനർ കെ. രാജേഷ്, പ്രസിഡന്റ് ബി. നൗഷാദ്, വൈസ് പ്രസിഡന്റ് ഡി. മാത്തുക്കുട്ടി, മാനുവൽ മോഹൻദാസ്, എം. ശിക്കാർ എന്നിവർ വ്യവസായികളെ പ്രതിനിധീകരിച്ച് വിഷയങ്ങൾ അവതരിപ്പിച്ചു.

തിങ്കളാഴ്‌ച മുഖ്യമന്ത്രിയെ കാണും: ഉമ്മൻചാണ്ടി

തിങ്കളാഴ്‌ച മുഖ്യമന്ത്രിയെ കണ്ട് കശുഅണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ചർച്ച നടത്തുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. വ്യവായികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ബോദ്ധ്യപ്പെടുത്തും. വിഷയത്തിൽ പരിഹാരം കാണേണ്ടത് തൊഴിലാളികളുടെയും വ്യവസായത്തിന്റെയും നിലനിൽപ്പിന് അനിവാര്യമാണ്. മൂന്ന് വർഷമായി കശുഅണ്ടി മേഖലയിൽ തുടരുന്ന പ്രതിസന്ധി ആശങ്കയുണ്ടാക്കുന്നതാണ്.

ഇവ കശുഅണ്ടി വ്യവസായികളുടെ യോഗത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ

കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമഗ്ര സാമ്പത്തിക പാക്കേജ് അനുവദിച്ച് അതീവ ഗൗരവമായി കശുഅണ്ടി വ്യവസായത്തിന്റെ വിഷയങ്ങളിൽ ഇടപെടണം

 പത്ത് വർഷത്തിനിടെ തോട്ടണ്ടിക്ക് വൻ തോതിൽ വിലയിടിഞ്ഞത് ഇപ്പോഴാണ്. സർക്കാർ സഹായം ലഭിച്ചാൽ തോട്ടണ്ടി സംഭരിച്ച് ഉൽപ്പാദനം തുടങ്ങാൻ കഴിയുന്ന സമയമാണിത്.

ഫാക്‌ടറികൾ തുറക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിക്കണം. വ്യവസായികൾക്ക് അനുവദിക്കുന്ന വായ്പയുടെ 9 ശതമാനം പലിശ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് വാക്കാൽ പറഞ്ഞെങ്കിലും ഉത്തരവ് ഇറക്കിയിട്ടില്ല.

 ഈ പദ്ധതിയുടെ ഉദ്ഘാടനം വരെ നടത്തിയെങ്കിലും സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ ബാങ്കുകളിൽ നിന്ന് വായ്‌പ ലഭിക്കില്ല.

 175 ലേറെ ഫാക്‌ടറികൾ തുറക്കാൻ ഇത്തരത്തിൽ സഹായം ലഭിക്കുമെന്നായിരുന്നു ഉറപ്പെങ്കിലും യോഗത്തിന്റെ മിനിട്സിൽ രേഖപ്പെടുത്തിയതല്ലാതെ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങുന്നില്ല.

 കടം കയറി നിലനിൽക്കാനാകാതെ കശുഅണ്ടി വ്യവസായികൾ ആത്മഹത്യ ചെയ്‌ത അവസ്ഥ ജില്ലയിലുണ്ടായി. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാർ പാക്കേജ് അനിവാര്യമാണ്.

 റിസർവ് ബാങ്ക് ഒഫ് ഇന്ത്യ, സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി, ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് സർക്കാരിൽ നിന്ന് കൃത്യമായ നിർദ്ദേശം ലഭിച്ചാലേ കേരളത്തിലെ കശുഅണ്ടി മേഖലയെ പുനരുദ്ധരിക്കാൻ കഴിയുകയുള്ളൂ.

കശുഅണ്ടി ഫാക്‌ടറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്ത്രീ തൊഴിലാളികൾക്ക് ഇ.എസ്.ഐ ചികിത്സാ ആനുകൂല്യം ലഭിക്കുന്നില്ല

 കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന പി.എഫ് പെൻഷൻ പദ്ധതികൾക്ക് 3700 ദിവസം തുടർച്ചയായ ഹാജർ വേണമെന്നാണ് നിബന്ധന. ഫാക്ടറികൾ ജോലിയില്ലാതെ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ കശുഅണ്ടി തൊഴിലാളികൾക്ക് പി.എഫ് പെൻഷൻ ലഭിക്കാത്ത അവസ്ഥയാകും.