മന്ത്റി കെ രാജുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു
88.4 ലക്ഷം രൂപ വനം വകുപ്പ് ചെലവഴിക്കും
കൊല്ലം: തണൽ മരങ്ങളും പൂമരങ്ങളും നട്ടുവളർത്തി നഗരത്തെ ഉദ്യാനവനമാക്കാൻ 'ഹരിത നഗരം' പദ്ധതി ഒരുങ്ങുന്നു. മന്ത്റി കെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ വനശ്രീ കോംപ്ലക്സിൽ നടന്ന പദ്ധതിയുടെ ആലോചനാ യോഗത്തിലാണ് തീരുമാനം.
പദ്ധതിയുടെ ഭാഗമായി ആശ്രാമം മൈതാനത്ത് ഒരേക്കറോളം സ്ഥലത്ത് നിബിഢവനവും നടപ്പാതയുടെ ഇരുവശങ്ങളിലും പൂമരങ്ങളും വളർത്തും. കൊല്ലം ബീച്ചിനോട് ചേർന്നുള്ള പ്രദേശത്ത് തയ്യാറാക്കുന്ന സ്‌മൃതി വനത്തിലെ ഓരോ മരങ്ങളിലും ജില്ലയിലെ മഹാരഥൻമാരുടെ പേരുകൾ കുറിക്കും. ചിൽഡ്രൻസ് പാർക്കിനോട് ചേർന്ന് ശലഭ പാർക്ക്, ബാംബൂസെറ്റം എന്നിവയും നിർമ്മിക്കും.
പീരങ്കി മൈതാനത്തിന് ചുറ്റും വിവിധ ഇനത്തിലുള്ള മരങ്ങളും ആശ്രാമം അഡ്വഞ്ചർ പാർക്കിനോട് ചേർന്ന് കണ്ടൽക്കാടുകളും വച്ചുപിടിപ്പിക്കും. തങ്കശ്ശേരിയോട് ചേർന്നുള്ള ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്തായി ചെറുവനം വളർത്തും. നഗരത്തിൽ പരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, മാഞ്ചിയം മരങ്ങൾ വെട്ടിമാറ്റി പകരം സ്വാഭാവിക മരങ്ങൾ വച്ചുപിടിപ്പിക്കും. ഇതിനായി ഗുണമേന്മയുള്ള തൈകൾ വനംവകുപ്പിന്റെ നഴ്സറികളിൽ നിന്ന് കൊണ്ടുവരും.
യോഗത്തിൽ മേയർ വി. രാജേന്ദ്രബാബു, ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ. പ്രദീപ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദ്, ഫോറസ്റ്റ് കൺസർവേറ്റർ സി. രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ഡി.ടി.പി.സി സെക്രട്ടറി സന്തോഷ് കുമാർ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ജ്യോതി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഹരിത നഗരം പദ്ധതി
വനം, ടൂറിസം വകുപ്പുകൾ, കോർപ്പറേഷൻ തുടങ്ങിവ ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഹരിത നഗരം പദ്ധതി നടപ്പിലാക്കുന്നത്. ജൂലായ് 15 ഓടെ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാവും.
88.40 ലക്ഷം രൂപ പദ്ധതിക്കായി വനം വകുപ്പ് ചെലവഴിക്കും. അധികമായി ചെലവാകുന്ന തുക വിവിധ സ്‌പോൺസർമാരിൽ നിന്നായി സമാഹരിക്കും. സ്മൃതിവനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചവറ കെ.എം.എം.എൽ സാമ്പത്തിക സഹായം നൽകും.