road
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഉറുകുന്നിൽ ചരക്ക് ലോറിയിൽ ഇടിച്ച ശേഷം കടകം മറിഞ്ഞ വാഗണർ വാൻ.

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്നിൽ വാഗണർ വാനും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്കേറ്റു. കൊല്ലം കൊച്ചുവീട്ടിൽ ബഞ്ചമിൻ (40), ഭാര്യ ഷേർളി (39), മക്കളായ കെൽവിൻ (13), ജോസഫലി (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. ഇതിൽ തലയ്ക്ക് പരിക്കേറ്റ കെൽവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10.15 ഓടെ ദേശീയ പാതയിലെ ഉറുകുന്ന് സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തെന്മല ഭാഗത്തേക്ക് വാനിൽ വരുകയായിരുന്നു ബഞ്ചമിനും കുടുംബവും. മുന്നിലുണ്ടായിരുന്ന തമിഴ്നാട് കോർപ്പറേഷന്റെ ബസിനെ മറി കടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നെത്തിയ ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് മറിഞ്ഞ വാനിൽ നിന്നും നാട്ടുകാർ ഓടി ക്കൂടിയാണ് നാല് പേരെയും പുറത്തെടുത്തത്.