സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം
ഇടപാടിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്നും ഇല്ലെന്നും വാദം
യോഗം ഇടയ്ക്ക് നിറുത്തിവച്ചു
കൊല്ലം: പാർട്ടിയെ അറിയിക്കാതെ സഹകരണ സൊസൈറ്റി രജിസ്റ്റർ ചെയ്ത് സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങാൻ കരാറെഴുതിയതിൽ തെറ്റ് സംഭവിച്ചെന്ന് ഏറ്റുപറഞ്ഞ് ജി.എസ്. ജയലാൽ എം.എൽ.എ. ഇന്നലെ എം.എൻ സമാരകത്തിൽ ചേർന്ന സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ജയലാലിന്റെ കുറ്റസമ്മതം. എന്നാൽ ജൂലായ് 4 ന് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തുടർനടപടി ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
ആശുപത്രി ഇടപാടിൽ പാർട്ടിയുടെ അനുവാദം വാങ്ങാതിരുന്ന എം.എൽ.എയുടെയും സംസ്ഥാന വനിതാ കമ്മിഷനംഗം എം.എസ്. താരയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനമാണുയർന്നത്. അനുവാദം വാങ്ങാതിരുന്നതിൽ വീഴ്ച പറ്റിയെന്നും സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നും ജയലാൽ പറഞ്ഞു. താരയും വീഴ്ച ഏറ്റുപറഞ്ഞു. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു, മുൻ ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, ആർ. രാമചന്ദ്രൻ എം.എൽ.എ എന്നിവരെ അനൗദ്യോഗികമായി അറിയിച്ചിരുന്നുവെന്ന് ജയലാൽ പറഞ്ഞെങ്കിലും സംഘം രജിസ്റ്റർ ചെയ്തുവെന്നല്ലാതെ മറ്റൊന്നും അറിയിച്ചില്ലെന്ന് അനിരുദ്ധനും തെറ്റായ കാര്യമാണെന്ന് തോന്നിയില്ലെന്ന് ആർ. രാമചന്ദ്രനും മറുപടി പറഞ്ഞു.
2 തവണയായി പാർട്ടി സംസ്ഥാന കൗൺസിലിൽ അംഗവും 2 തവണ എം.എൽ.എയുമായ ജയലാലിന് സംഘടനാപരമായ നടപടിക്രമം അറിയാത്തത് അംഗീകരിക്കാനാവില്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതോടെയാണ് വീഴ്ച പറ്റിയതായി എം.എൽ.എ സമ്മതിച്ചത്. പാർട്ടി ചട്ടക്കൂടിന് വിധേയമാകാതെ പാർട്ടി നൽകിയ സ്ഥാനം ഉപയോഗിച്ച് കോടികളുടെ സാമ്പത്തിക ഇടപാട് നടത്തുന്നത് ശരിയല്ലെന്നും കർശന നടപടി വേണമെന്നും കെ.എസ്. ഇന്ദുശേഖരൻ നായർ, എ. മന്മഥൻനായർ, ആർ. രാജേന്ദ്രൻ, ആർ. വിജയകുമാർ, എസ്. ബുഹാരി, വിജയമ്മ ലാലി, കെ. ശിവശങ്കരൻ നായർ തുടങ്ങിയവർ ആവശ്യപ്പെട്ടു. വീഴ്ചയ്ക്ക് മാപ്പുനൽകി നടപടിയില്ലാതെ തീർപ്പാക്കണമെന്നാണ് ആർ. രാമചന്ദ്രൻ എം.എൽ.എ, എസ്. വേണുഗോപാൽ, സാം കെ. ഡാനിയൽ, ഷിഹാബ്, എ. മുസ്തഫ, ആർ.എസ് അനിൽ തുടങ്ങിയവർ വാദിച്ചത്. അതോടെ തർക്കം രൂക്ഷമായി കുറെനേരത്തേക്ക് യോഗം നിർത്തിവച്ചു.
അനുമതി വാങ്ങാതിരുന്നതിലെ വീഴ്ചയല്ലാതെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി മാദ്ധ്യമങ്ങളോട് പറയണമെന്ന് യോഗത്തിൽ ആവശ്യമുയർന്നെങ്കിലും അന്വേഷണം വേണമെന്ന ആവശ്യവുമുള്ളതിനാൽ അതിപ്പോൾ പറയാനാവില്ലെന്നും കാനം രാജേന്ദ്രൻ മറുപടി നൽകി. പൊതുവികാരം മാനിച്ച് യുക്തമായ തീരുമാനമെടുക്കുമെന്നും കാനം അറിയിച്ചു.