photo
പെരുംകുളത്തെ ശുദ്ധീകരണ പ്ളാന്റ്

കൊട്ടാരക്കര: കുളക്കട, പവിത്രേശ്വരം ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും എന്ന നിലയിൽ 10 വർഷം മുമ്പ് തുടങ്ങിവച്ച കുളക്കട - പവിത്രേശ്വരം കുടിവെള്ള പദ്ധതി ഇനിയും കമ്മിഷൻ ചെയ്തിട്ടില്ല. കുളക്കട പഞ്ചായത്തിലെ ജലക്ഷാമം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 2010ൽ ആണ് പദ്ധതിയുടെ നിർമ്മാണ ജോലികൾ തുടങ്ങിയത്. കുളക്കട തെങ്ങമാംപുഴ കടവിൽ കിണർ കുഴിച്ച് പമ്പ് ഹൗസ് സ്ഥാപിച്ചു. 53 ലക്ഷം ലിറ്റർ ജലം പമ്പ് ചെയ്യാൻ ശേഷിയുള്ളതാണ് പമ്പ് ഹൗസ്. പെരുംകുളത്ത് ശുദ്ധീകരണ പ്ളാന്റും സ്ഥാപിച്ചു. ഇവിടെ ശുദ്ധീകരിക്കുന്ന ജലം പൈപ്പ് വഴി രണ്ട് പഞ്ചായത്തുകളുടെയും എല്ലാ മേഖലകളിലും എത്തിക്കാനായിരുന്നു ധാരണ.

ഇനി വേണ്ടത് 44.40 കോടി

കുളക്കട, പവിത്രേശ്വരം പഞ്ചായത്തുകളിൽ പൂർണതോതിൽ കുടിവെള്ളം എത്തിയ്ക്കാൻ ഇനി 44.40 കോടി രൂപ കൂടി വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചത്. 23 കിലോമീറ്റർ ദൂരത്തിൽ കുളക്കടയിൽ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് തുക എവിടെ നിന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഇനിയും ധാരണ ആയിട്ടില്ല. 5 കോടി രൂപ കിട്ടിയാൽ അത്യാവശ്യ മേഖലകളിലെങ്കിലും പൈപ്പ് സ്ഥാപിക്കാം. പവിത്രേശ്വരത്ത് പഴയ പൈപ്പുകൾ മാറ്റിയാൽ മാത്രമേ നിലവിലുള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ആവുകയുള്ളൂ.

എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്

കുളക്കട പഞ്ചായത്തിലേക്ക് 29.75 കോടി രൂപ

പവിത്രേശ്വരത്തേക്ക് 14.5 കോടി രൂപ

ഇനി എത്രനാൾ കാത്തിരിക്കണം?

പദ്ധതി കമ്മിഷൻ ചെയ്ത് രണ്ട് പഞ്ചായത്തുകളുടെയും എല്ലാ മേഖലകളിലും വെള്ളമെത്തുന്നതിന് ഇനി എത്രനാൾ കാത്തിരിക്കണമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. പഞ്ചായത്തുകൾ അടച്ച വിഹിതം കാണാതായ സംഭവം ഉൾപ്പെടെ ഏറെ വിവാദങ്ങൾ നേരത്തേയുണ്ടായിരുന്നു. കേരള കൗമുദി നാല് വർഷം മുൻപ് വാർത്താ പരമ്പര പ്രസിദ്ധീകരിച്ചപ്പോഴാണ് കാണാതായ തുക കണ്ടെത്തിയത്. നാട്ടുകാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച സംഭവം വരെയുണ്ടായി. പ്രതിഷേധങ്ങളൊക്കെ കെട്ടടങ്ങിയപ്പോൾ അധികൃതർ അടുത്ത പദ്ധതിയുടെ പുറകേപോയി.

പവിത്രേശ്വരം പഞ്ചായത്തിന് നേരിയ ആശ്വാസം

കുളക്കട പഞ്ചായത്തിന് പ്രയോജനം ലഭിച്ചില്ല

2010ൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി 2014ൽ ജലവിതരണം ആരംഭിച്ചെങ്കിലും ഒട്ടുമിക്ക ഭാഗങ്ങളിലും വെള്ളമെത്തിയില്ല. പവിത്രേശ്വരം പഞ്ചായത്തിലെ പൊരീയ്ക്കലിലെ വലിയ ജലസംഭരണിയിൽ എത്തിച്ചാണ് ജല വിതരണം നടത്തുന്നത്. പവിത്രേശ്വരത്ത് നേരത്തേ ഉണ്ടായിരുന്ന പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യാൻ കഴിഞ്ഞു. പൂർണ തോതിൽ എത്തിയില്ലെങ്കിലും പവിത്രേശ്വരത്തുകാരുടെ ദാഹത്തിന് ഒരു പരിധിവരെ ശമനം വരുത്താൻ പദ്ധതിക്ക് കഴിഞ്ഞു. പഴയ പൈപ്പുകൾ പൊട്ടാൻ തുടങ്ങിയത് മാത്രമാണ് പ്രതിസന്ധി സൃഷ്ടിച്ചത്. എന്നാൽ കുളക്കട പഞ്ചായത്തിന് കാര്യമായ പ്രയോജനം ലഭിച്ചില്ല. പൈപ്പ് സ്ഥാപിക്കൽ കാര്യക്ഷമമാകാത്തതിനാൽ വെള്ളം ഒട്ടുമിക്ക പ്രദേശത്തും എത്തിയില്ല. പദ്ധതിക്കായി വലിയ തുക ചെലവഴിക്കുകയും കിണറും പമ്പ് ഹൗസും ശുദ്ധീകരണ പ്ളാന്റും സ്ഥാപിക്കാൻ ഭൂമി കണ്ടെത്തിയതുമൊക്കെ കുളക്കട പഞ്ചായത്താണെങ്കിലും അതിന്റെ ഗുണം ഇനിയും അവർക്ക് ലഭിച്ചിട്ടില്ല.