ഈ മാസം പ്രവർത്തന സജ്ജമാകും
പ്രയോജനം ജില്ലയിലെ വിദ്യാർത്ഥികൾക്ക്
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന ബോക്‌സിംഗ് അക്കാഡമിയുടെ തുടക്കം കൊല്ലത്ത്. പെരിനാട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്തെ ആദ്യ സംരംഭം ഒരുക്കിയിരിക്കുന്നത്.
പരിശീലകനെ നിയമിച്ചു കഴിഞ്ഞു. ഈ മാസം തന്നെ അക്കാഡമി പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അറിയിച്ചു.
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും അമച്വർ ബോക്‌സിംഗ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് അക്കാഡമിയുടെ പ്രവർത്തനം.
ട്രെയിനിംഗ് സൗജന്യം
ജില്ലയിലെ ഏത് സ്‌കൂളുകളിലെയും ബോക്‌സിംഗ് ആഭിമുഖ്യമുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം നേടാം. കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ട്രെയിനറുടെ നേതൃത്വത്തിൽ സെലക്ഷനും നടത്തും. പൂർണമായും സൗജന്യമാണ് ട്രെയിനിംഗ്. കൂടാതെ ജില്ലാ പഞ്ചായത്ത് കുട്ടികൾക്കുള്ള ലഘുഭക്ഷണവും നൽകും. രാവിലെയും വൈകുന്നേരവുമായി അവധി ദിവസങ്ങളിൽ ഉൾപ്പടെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പരിശീലനം നൽകും.
ജില്ലയിൽ നിന്ന് മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാനുള്ള അടിസ്ഥാന യൂണിറ്റായി ബോക്‌സിംഗ് അക്കാഡമിയെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് പറഞ്ഞു.
ഇടിക്കൂടൊരുങ്ങി; എല്ലാ സജ്ജീകരണങ്ങളോടെ
25 ലക്ഷം രൂപയാണ് പദ്ധതിക്കായി ആകെ ചെലവായത്. 15 ലക്ഷം രൂപ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിനും 10 ലക്ഷം രൂപ മറ്റ് സാധനങ്ങൾ വാങ്ങുന്നതിനും വിനിയോഗിച്ചു.
മേൽക്കൂരയുള്ള ബോക്‌സിംഗ് റിംഗ്, ഗ്ലൗസുകൾ, ഹെഡ് ഗാർഡുകൾ, പഞ്ചിംഗ് ഗ്ലൗസ്, പഞ്ചിംഗ് പാഡുകൾ തുടങ്ങിയ പരിശീലന വസ്തുക്കളെല്ലാം ഇവിടെയുണ്ട്. സാമ്പത്തിക സ്ഥിതി ഉൾപ്പടെ ഒരു ഘടകവും കായികാഭിരുചിയുള്ളവരുടെ പരിശീലനത്തിന് തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു സംരംഭം ഏറ്റെടുത്ത് നടപ്പിലാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു.