kalleru
ട്രെയിന് നേരെ ഉണ്ടായ കല്ലേറിൽ പരിക്കേറ്റ യുവതി

കൊല്ലം: ചെന്നൈ മെയിലിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെ വർക്കലയ്ക്കും ഇടവയ്ക്കും ഇടയിൽ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് കല്ലേറുണ്ടായത്.
ആലപ്പുഴ പള്ളിക്കൽ കട്ടച്ചിറ മുട്ടത്തേത്ത് കിഴക്കതിൽ ഷിബുവിന്റെ ഭാര്യ ശ്രീകലാ ദേവിക്കാണ് (33) പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രെയിൻ പരവൂരിലെത്തിയപ്പോൾ കൊല്ലം റെയിൽവെ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് ചാത്തിനാംകുളത്ത് ജനശതാബ്ദിക്ക് നേരെയുണ്ടായ കല്ലേറിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.