kmmml

 ഇന്ധനം എൽ.പി.ജിയിൽ നിന്ന് എൽ.എൻ.ജിയിലേക്ക് മാറ്റുന്നു

കൊല്ലം: വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ചവറ കെ.എം.എം.എല്ലിൽ വിവിധ സംസ്കരണ പ്രവർത്തനങ്ങൾക്ക് എൽ.പി.ജി ഇന്ധനത്തിന് പകരം അപകട സാദ്ധ്യത കുറവുള്ള എൽ.എൻ.ജി ഉപയോഗിക്കും. ഇതിനുള്ള നടപടി തുടങ്ങി.

1984ൽ സ്ഥാപിച്ചതാണ് കെ.എം.എം.എല്ലിലെ എൽ.പി.ജി ബുള്ളറ്റിൻ. അന്ന് ഫാക്ടറി പരിസരത്ത് ജനവാസവും ദേശീയപാതയിലെ ഗതാഗതവും കുറവായിരുന്നു. നിലവിൽ ദുരന്തങ്ങൾ ഉണ്ടായാൽ വലിയ ആൾനാശം സംഭവിക്കുമെന്ന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് കെ.എം.എം.എൽ ഇന്ധനം മാറ്റാനുള്ള ഒരുക്കം തുടങ്ങിയത്. ഫാക്ടറിയിലെ ഒരു എൽ.പി.ജി ബുള്ളറ്രിൻ അടുത്തിടെ നീക്കം ചെയ്തു. ഇതിന് പകരം ഒരു എൽ.എൻ.ജി മൊഡ്യൂൾ സ്ഥാപിക്കുന്നതിനുള്ള നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രണ്ടാമത്തെ എൽ.പി.ജി ബുള്ളറ്രിൻ കൂടി നീക്കിയശേഷം മറ്റൊരു എൽ.എൻ.ജി മൊഡ്യൂൾ കൂടി സ്ഥാപിക്കും.

എൽ. എൻ.ജിയുടെ മേൻമ

 വായുവിനേക്കാൾ സാന്ദ്ര കുറഞ്ഞ വാതകം.

 ചോർച്ച സംഭവിച്ചാൽ സഞ്ചാരം മുകളിലേക്ക്

 ഫാക്ടറി പരിസരത്ത് സ്ഫോടനം ഉണ്ടാകില്ല.

സംവിധാനം

 സ്ഥാപിക്കുന്നത് ടൈറ്റാനിയം പിഗ് മെന്റ് പ്ലാന്റിന് സമീപം 65 ടൺ സംഭരണ ശേഷിയുള്ള എൽ.എൻ.ജി ടാങ്ക്

 അപകടം ഉണ്ടായാൽ ഫയർഫോഴ്സ് അടക്കമുള്ള രക്ഷാ പ്രവർത്തക സംഘങ്ങൾക്ക് വേഗത്തിൽ കടന്നുവരാൻ പ്ലാന്റിലേക്ക് ഏഴ് മീറ്റർ വീതിയിൽ റോഡ്

എൽ.എൻ.ജിയിലേക്ക് മാറണമെന്ന് കെ.എം.എം.എല്ലിനോട് ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. കെ.എം.എം.എൽ സ്ഥിതി ചെയ്യുന്നത് ജനസാന്ദ്രത കൂടിയ മേഖലയിലായതിനാൽ ഈ മാറ്റം അനിവാര്യമാണ്. താരതമ്യേന അപകട സാദ്ധ്യത കുറഞ്ഞ ഇന്ധനമാണ് എൽ.എൻ.ജി

ബി. സിയാദ് (കെമിൽ എക്സാമിനർ, ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ് )