റോഡിന്റെ നീളം: 1 കിലോമീറ്റർ
ടാർ ചെയ്തത്: 8വർഷം മുമ്പ്
റോഡ് നിറയെ കുഴികൾ
അപകടങ്ങൾ നിത്യസംഭവം
പരാതി പറഞ്ഞ് മടുത്തു
നടപടികൾ നീളെനീളെയായി
കരുനാഗപ്പള്ളി: അധികൃതർ നിരന്തരം അവഗണിച്ചതോടെ യാത്രക്കാരെ ദുരിതത്തിലാക്കി ആലുംകടവിലെ ഗ്രാമീണറോഡ്. ആലുംകടവ് മൂന്നാംമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മരുതൂർക്കുളങ്ങര മുസ്ലീംപള്ളിക്ക് തെക്കുവശം അവസാനിക്കുന്ന റോഡാണ് തകർന്ന് കുണ്ടുംകുഴിയുമായി കിടക്കുന്നത്. 8 വർഷത്തിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽപ്പോലും റോഡിൽ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല.
ഉദ്യോഗസ്ഥരുടെ അലംഭാവമാണ് റോഡ് പൂർണ്ണമായും തകരാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നത്. റോഡിലെ മിക്ക ഭാഗങ്ങളിലും ടാറിംഗ് പൂർണ്ണമായും ഇളകിപ്പോയി. ഇവിടെയെല്ലാം വൻ ഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്.
ഒരു കിലോമീറ്ററിൽ താഴെ മാത്രം ദൈർഘ്യംവരുന്ന റോഡിലൂടെ യാത്ര ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവർ ഏറെ ക്ളേശം സഹിക്കണം.
റോഡിന്റെ തകർച്ചകാരണം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങൾ ഇതുവഴി സർവീസ് നടത്താൻ മടിക്കുകയാണ്. ഇതും യാത്രാദുരിതം ഇരട്ടിയാകും. മഴവെള്ളം റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്നതും യാത്രക്കാരെ ഭീഷണിയുടെ നടുവിലാക്കുന്നു. വെള്ളം നിറഞ്ഞ കുഴികൾ തിരിച്ചറിയാനാകാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. എന്നാൽ അധികൃതർ മാത്രം ഇതൊന്നും അറിഞ്ഞിട്ടില്ല.
തകർന്നത് ജനങ്ങളുടെ പ്രധാന ആശ്രയം
മരുതൂർക്കുളങ്ങര പ്രദേശത്തെ ആലുംകടവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത്. നിരവധി സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും ഇപ്പോഴും ഇതു വഴി കടന്ന് പോകുന്നുണ്ട്. റോഡ് പുനരുദ്ധരിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ തുടർനടപടികൾ മാത്രം ഉണ്ടായില്ല. മരുതൂർക്കുളങ്ങര മുസ്ലീം പള്ളി, മൂന്നാംമൂട് മാർക്കറ്റ്, കരിയിട ക്ഷേത്രം, മൂന്നാംമൂട് ഗുരുക്ഷേത്രം, വിനോദ സഞ്ചാര കേന്ദ്രമായ ആലുംകടവ് എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമാണ് ഈ റോഡ്. ഇതിനെ അധികൃതർ നിരന്തരം അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
നഗരസഭയുടെ ഫണ്ട് മാത്രം ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ കഴിയുകയില്ല. റോഡിന്റെ പുനർ നിർമ്മാണത്തിനായി ജനപ്രതിനിധികളുടേയോ സർക്കാരിന്റെ മറ്റ് ഏജൻസികളുടെയോ സഹായം അനിവാര്യമാണ്.
നഗരസഭാ അധികൃതർ