കൊല്ലം:ചെന്നൈ മെയിലിന് നേരെ ഉണ്ടായ കല്ലേറിൽ യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റ പശ്ചാത്തലത്തിൽ അക്രമികളെ കണ്ടെത്താൻ റെയിൽവേ പൊലീസ് സാധ്യമായ എല്ലാ വഴികളും തേടുന്നു. ശനിയാഴ്‌ച വൈകിട്ട് 3.30ന് വർക്കലയ്‌ക്കും ഇടവയ്‌ക്കും ഇടയിലുണ്ടായ കല്ലേറിൽ ആലപ്പുഴ പള്ളിക്കൽ കട്ടച്ചിറ മുട്ടത്തേത്ത് കിഴക്കതിൽ ശ്രീകലയ്‌ക്ക് (33) ഗുരുതരമായി പരിക്കേറ്റിരുന്നു. തലയോട്ടിക്ക് സാരമായ പരിക്കേറ്റെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ജനാലയുടെ ഗ്രില്ലിൽ തട്ടിയാണ് കല്ല് തലയിൽ പതിച്ചത്.
റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത സംഘം വർക്കലയ്ക്കും ഇടവയ്ക്കും ഇടയിലെ റെയിൽപാതയിലൂടെ നടന്ന് പരിശോധന നടത്തി. അക്രമികൾ കല്ലെറിയാൻ സാധ്യതയുള്ള മേഖലകൾ ഏതൊക്കെയെന്ന് കണ്ടെത്തി. വർക്കല സ്റ്റേഷൻ പിന്നിട്ട് അഞ്ച് മിനിട്ടിനുള്ളിലാണ് ഏറ് കൊണ്ടത്. പാളത്തിന്റെ പരിസരത്തിരുന്ന് മദ്യം കഴിച്ച രണ്ട് പേരെ റെയിൽവേ പൊലീസ് പിടികൂടി അയിരൂർ പൊലീസിന് കൈമാറി. പാളത്തിന് സമീപത്തിരുന്ന് പതിവായി മദ്യം കഴിക്കുന്നവരുടെ വിവരങ്ങൾ പിടിയിലായവരിൽ നിന്ന് ശേഖരിക്കും. മാസങ്ങൾക്ക് മുൻപ് വഞ്ചിനാട് എക്‌സ്‌പ്രസിലെ യാത്രക്കാരിക്കും ജനശതാബ്‌ദിയിലെ യാത്രക്കാരനും കല്ലേറിൽ സാരമായി പരിക്കേറ്റിരുന്നു. ഈ കേസുകളിലെ പ്രതികളും പൊലീസിനെ കബളിപ്പിച്ച് കാണാമറയത്താണ്. ഓച്ചിറ മുതൽ കാപ്പിൽ വരെയും കൊല്ലം മുതൽ കിളികൊല്ലൂർ വരെയുമുള്ള റെയിൽവേ സ്റ്റേഷനുകളും റെയിൽപാളങ്ങളും കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലാണ്. ദിവസവും ശരാശരി പത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നതെന്ന പരിമിതി റെയിൽവേ പൊലീസ് സ്റ്റേഷനുണ്ട്. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഉമറുൾ ഫാറൂഖിനാണ് അന്വേഷണ ചുമതല.
പിടിയിലാൽ ജീവപര്യന്തം ഉറപ്പ്
ട്രെയിന് നേരെ കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർ പിടിയിലായാൽ കാത്തിരിക്കുന്നത് ജീവപര്യന്തം ഉൾപ്പെടെയുള്ള ശിക്ഷ. റെയിൽവേ ആക്ട് സെക്ഷൻ 152 അനുസരിച്ചാണ് കേസെടുക്കുക. കുറ്റത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനാണ് ഐ.ആർ ആക്ട് 152ന് കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്.
പ്രതികളെ പിടിക്കാൻ
പരിമിതികളേറെ
ആൾത്താമസം ഇല്ലാത്ത വിജനമായ മേഖലകളിലൂടെയാണ് പാളങ്ങൾ കൂടുതലും കടന്ന് പോകുന്നത്. ഇവിടെ നിന്ന് കല്ലെറിയുന്നവരെയും മദ്യപിക്കുന്നവരെയും കണ്ടെത്താൻ തെളിവുകൾ ലഭിക്കാറില്ല. സ്വകാര്യ സി.സി.ടി.വി കാമറകൾ പോലും ഇത്തരം പ്രദേശത്ത് ഇല്ല. ജനവാസ മേഖല അല്ലാത്തതിനാൽ അക്രമം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നവരെ കുറിച്ച് സാക്ഷിമൊഴിയും ലഭിക്കില്ല. പ്രദേശത്തെ സ്ഥിരം ക്രിമിനലുകളെ കണ്ടെത്തി തുടർച്ചയായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
അക്രമം നടന്നത് എവിടെ?
വർക്കല മുതൽ - ഇടവവരെ ദൂരം :4 കിലോമീറ്റർ
അന്ന് ട്രെയിൻ വർക്കലയിൽ നിന്നു പുറപ്പെട്ട സമയം: 3.44
വർക്കലയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ മെയിൽ ഇടവ സ്റ്റേഷൻ കടന്നുപോകാൻ എടുക്കുന്ന സമയം: 4 മിനിട്ട്
കല്ലേറ് ഉണ്ടായത്: ഇടവ എത്തുന്നതിന് മുൻപ്
യാത്രക്കാർ പറഞ്ഞത്: വർക്കലയിൽ നിന്നു പുറപ്പെട്ട് അഞ്ചു മിനിട്ടോളമായി.
സാധ്യത: ഇടവ സ്റ്റേഷനോട് അടുത്ത പ്രദേശത്തു നിന്നാവാം കല്ലേറ്